കമ്പനികളുടെ ലാഭത്തിന് 15 ശതമാനം കോര്പറേഷന് ടാക്സ്
ദോഹ: കമ്പനികളുടെ ലാഭത്തിന് 15 ശതമാനം കോര്പറേഷന് ടാക്സ് ചുമത്തുന്നത് പരിഗണിക്കണമെന്ന് ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) ഗള്‍ഫ് രാജ്യങ്ങളോട് ശുപാര്‍ശ ചെയ്തു. എണ്ണ വിലക്കുറവിനെത്തുടര്ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനു വേണ്ടിയാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ ഐ.എം.എഫ് പോളി പേപ്പറിലാണ് നിര്‍ദേശമുള്ളത്.
ബിസിനസിലെ ലാഭത്തിന് 10 മുതല്‍ 15 ശതമാനം വരെ നികുതി ഈടാക്കണം. എണ്ണ ഇതര നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിന് ഇത് സഹായിക്കും. ഗള്‍ഫില്‍ ഒമാനില്‍ മാത്രമാണ് കമ്പനിലാഭത്തിന് നികുതി ചുമത്തുന്നത്. ബ്രോഡ് ബേസ്ഡ് ബിസിനസ് പ്രോഫിറ്റ് ടാക്സ് ആണ് ഒമാനില്‍ ഈടാക്കുന്നത്. സഊദി അറേബ്യയില്‍ നോണ്‍ ഓയില്‍ കോര്പേറേറ്റ് ടാക്സ് വിദേശ കമ്പനികള്‍ക്കു മാത്രമാണ് ചുമത്തിയിട്ടുള്ളത്.
ഇതാകട്ടെ 20 ശതമാനം മാത്രമാണ്. എന്നാല്‍, 2018 മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ള മൂല്യ വര്‍ധിത നികുതിക്കൊപ്പം (വാറ്റ്) കോര്പറേഷന് നികുതി കൂടി വ്യാപകമാക്കിയാല്‍ എണ്ണവരുമാനത്തിന്റെ കുറവ് സൃഷ്ടിക്കുന്ന പ്രതിസന്ധി മറി കടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കു സാധിക്കുമെന്ന് ഐഎംഎഫ് നിര്‍ദേശം പറയുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ വ്യത്യസ്ത തോതിലാണ് നികുതി വരുമാനം ലഭിക്കുക. ബഹ്റൈന്‍, ഒമാന്‍, യു.എ.ഇ, സഊദി രാജ്യങ്ങളില്‍ താരതമ്യേന കൂടുതലായിരിക്കും.
എന്നാല്‍ ഖത്തറിലും കുവൈത്തിലും വരുമാനം കുറയും. ആഭ്യന്തര ഉല്‍പ്പാദന വരുമാനത്തില്‍ പെട്രോളിയം മേഖല വന്‍തോതില്‍ പങ്കു വഹിക്കുന്നതാണ് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."