ഖത്തര്‍ പൊതുമാപ്പ്: 9000 പേര്‍ രാജ്യം വിട്ടേക്കും
ദോഹ: ഖത്തറില്‍ പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് കാലാവധിക്കിടെ 9000 ത്തോളം അനധികൃത താമസക്കാര്‍ രാജ്യം വിടുമെന്ന് മുതിര്‍ന്ന കുടിയേറ്റവിഭാഗ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡിസംബര്‍ ഒന്ന് വരെയാണ് പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്. നിയമ നടപടികള്‍ക്ക് വിധേയമാകാതെ അനധികൃത താമസക്കാര്‍ക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണ് പൊതുമാപ്പിലൂടെ ഖത്തര്‍ സര്‍ക്കാര്‍ നല്‍കിയരിക്കുന്നത്.
ഡിസംബര്‍ ഒന്നിനകം ഏകദേശം 9000 അനധികൃത താമസക്കാര്‍ ഖത്തര്‍ വിടുമെന്നാണ് മനസ്സിലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതുമാപ്പ് സേവനകേന്ദ്രമായ സെര്‍ച്ച് ആന്റ് ഫോളോ അപ് ഓഫിസ് മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല ജബര്‍ അല്‍ലബ്ദ പറഞ്ഞു. പൊതുമാപ്പ് ആരംഭിച്ച ഉടനെ പ്രവാസികളില്‍ നിന്ന് വലിയ ഒരു പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍ കാലാവധി അവസാനിക്കാനായതോടെ നിരവധി പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ മുന്നോട്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 2009ലെ നിയമം നമ്പര്‍ നാല് ലംഘിച്ചവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്നത്. പ്രവാസികളുടെ പോക്കു വരവ്, താമസം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട നിയമമാണ് അത്. വിസയില്ലാതെ രാജ്യത്ത് ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്.
നിയമാനുസൃതമല്ലാതെ ജോലി ഒഴിവാക്കുകയോ തൊഴില്‍ ദാതാവില്‍ നിന്ന് ഓടിപ്പോകുകയോ ചെയ്യുന്നവരാണ് അനധികൃത താമസക്കാരാവുന്നത്. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പൊതുമാപ്പ് തേടിയെത്തുന്നവരില്‍ കൂടുതലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."