സിന്ധു നദീജലം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല: പ്രധാനമന്ത്രി
ഭട്ടിന്‍ഡ: സിന്ധു നദീജലം ഇന്ത്യ മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മിര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണ് ജലം പങ്കുവെക്കാന്‍ അനുവദിക്കില്ലെന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ടശേഷം നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
പാകിസ്താനുമായി സിന്ധു നദീ ജലം പങ്കുവെക്കാന്‍ കഴിയില്ലെന്നും രാജ്യത്തിന്റെ ആവശ്യത്തിനായി ഇത് വിനിയോഗിക്കുകയെന്നതാണ് രാജ്യതാല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. ജലം മറ്റേതെങ്കിലും രാജ്യത്തിനായി വിട്ടുകൊടുക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള പൂര്‍ണമായ അധികാരം ഇന്ത്യയ്ക്കാണുള്ളത്. ജലം പാകിസ്താന് വിട്ടുകൊടുക്കില്ലെന്നതാണ് തന്റെ തീരുമാനം. പകരം രാജ്യത്തെ കാര്‍ഷിക മേഖലക്കായി സിന്ധു നദിയെ ഉപയോഗപ്പെടുത്തുകയെന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
സിന്ധു നദീജലം പങ്കുവെക്കലിനെ വൈകാരിക പ്രശ്‌നമായി ഉയര്‍ത്തരുതെന്നുള്ള പാക് പ്രധാനമന്ത്രി നവാസ് ശരീഫ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരായ പ്രതികരണംകൂടിയാണ് ഇന്നലെ അദ്ദേഹം ഭട്ടിന്‍ഡയില്‍ വ്യക്തമാക്കിയത്. സിന്ധു നദീജലം പങ്കുവെക്കലുമായി ബന്ധപ്പെട്ട് മുന്‍സര്‍ക്കാരുകളുടെ കാലത്ത് ഒരു നടപടികളുമുണ്ടായിരുന്നില്ല.
സിന്ധു നദീജല കരാര്‍ പ്രകാരം ഈ നദിയുടെ പോഷക നദികളായ സത്‌ലജ്, ബിയാസ്, രവി എന്നീ നദികളില്‍ നിന്നുള്ള വെള്ളം ഇന്ത്യയിലെ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. ഇവ പാകിസ്താനില്‍ പ്രവേശിച്ചാണ് അറബിക്കടലില്‍ ചേരുന്നത്. എന്നാല്‍ പാകിസ്താന്‍ ഇവ ഉപയോഗപ്പെടുത്തുന്നില്ല. യഥാര്‍ഥത്തില്‍ നദിയിലെ വെള്ളം ഇന്ത്യന്‍ കര്‍ഷകരാണ് പരമാവധി പ്രയോജനപ്പെടുത്തുന്നതെന്നും ഇതിനുമേല്‍ മറ്റാര്‍ക്കും അവകാശ വാദമുന്നയിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."