പണം പിന്‍വലിക്കല്‍: രാജ്യത്ത് അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് മായാവതി
ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി നേതാവ് മായാവതി.
പണം പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് മായാവതി ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ വരാതെ മോദി ഒളിക്കുന്നതിനെതിരേ പാര്‍ലമന്റില്‍ പ്രതിപക്ഷം നടത്തുന്ന ശക്തമായ എതിര്‍പ്പിനിടയിലാണ് മായാവതി പുതിയ ആവശ്യവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും സാധാരണ ഗതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റ് പിരിച്ചു വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ നടപടിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുകൂലാഭിപ്രായം പ്രകടിപ്പിച്ചത് കള്ളപ്പണത്തിനെതിരായാണ്. അതല്ലാതെ പണം പിന്‍വലിച്ചതിനോടല്ല. താന്‍ ചെയ്തത് സത്യസന്ധമായ നടപടിയാണെന്ന് മോദി വിശ്വസിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം പാര്‍ലമെന്റ് പിരിച്ചു വിട്ട് ജനഹിതമാറിയാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും മായാവതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കൃത്യമായി പാര്‍ലമെന്റില്‍ ഹാജരാകാത്തതാണ് സഭാ നടപടികള്‍ സുതാര്യമായ രീതിയില്‍ നടക്കാത്തതിന് കാരണമെന്നും മായാവതി ആരോപിച്ചു. പണം അസാധുവാക്കിയതിനെതിരായ വിമര്‍ശനത്തെ മോദി ശക്തമായിട്ടാണ് എതിരിട്ടിരുന്നത്.
സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി രാജ്യത്ത് ഒരു തരത്തിലുള്ള പ്രശ്‌നവും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ നോട്ടു പിന്‍വലിച്ചതിനെതുടര്‍ന്ന് നാള്‍ക്കുനാള്‍ വലിയ പ്രതിസന്ധിയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."