ഐ.എസ്.എല്‍ ഫൈനല്‍; കൊച്ചിക്ക് സാധ്യത
കൊച്ചി: ഇതുവരെയുള്ള മത്സങ്ങളിലെല്ലാം ആവേശം അലയടിച്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം തന്നെ ഐ.എസ്.എല്‍ മൂന്നാം സീസണിന്റെ ഫൈനല്‍ മത്സരത്തിന്റെ വേദിയാകാനുള്ള സാധ്യത വര്‍ധിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചുകളിലെ പ്രകടനവും ഐ.എസ്.എല്‍ മത്സങ്ങളിലെ കാണികളുടെ ആധിക്യവുമാണ് ഫൈനല്‍ വേദി കൊച്ചിയാകാനുള്ള സാധ്യത വര്‍ധിപ്പിച്ചത്. കൂടാതെ നിലവില്‍ മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ കൊച്ചിയിലാണ് കൂടുതല്‍ കാണികളെ ഉള്‍കൊള്ളാന്‍ കഴിയുന്നതെന്നതും അനുകൂല ഘടകമാണ്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഐ.എസ്.എല്‍ മാനേജ്മെന്റ് യോഗത്തില്‍ കൊച്ചിയെ ഫൈനല്‍ മത്സരത്തിനുള്ള വേദിയായി തിഞ്ഞെടുത്തതായാണ് സൂചന. എന്നാല്‍ ഇക്കാര്യം ഐ.എസ്.എല്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഡിസംബര്‍ 18 ഞായറാഴ്ചയാണ് മൂന്നാം സീസണിന്റെ ഫൈനല്‍. അണ്ടര്‍ 17 ലോകകപ്പിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഡിയം എന്നതും പ്രധാന ഘടകമായി മാറിയിരിക്കുകയാണ്.
ഇന്നലെ പൂനെയ്ക്കെതിരേ നടന്ന മത്സരം കാണാന്‍ നോട്ട് പ്രതിസന്ധി മറികടന്നും 51,341 പേര് ഗാലറിയിലെത്തി. അറുപതിനായിരത്തിനു മുകളില്‍ കാണികളെ സാക്ഷിയാക്കിയായിരുന്നു കൊച്ചിയിലെ ഇത്തവണത്തെ ഫുട്ബോള്‍ പോരാട്ടങ്ങള്‍. ഇതുവരെയായി 2,88,515 പേര് ഇത്തവണ കളി കാണാന്‍ കൊച്ചിയില്‍ എത്തിയതായാണ് ഔദ്യോഗിക കണക്ക്. മറ്റു ഹോം മാച്ചുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരിയില്‍ ഏറ്റവും കൂടുതല്‍ കാണികളെ സമ്പാദിക്കാന്‍ കഴിഞ്ഞത് കൊച്ചിക്കാണ്. എവേ മാച്ചിലും മലയാളി ഫുട്ബോള്‍ പ്രേമികളുടെ എണ്ണം ഗാലറിയെ മഞ്ഞയില്‍ കുളിപ്പിച്ചതായി കാണാം. ലോക നിലവാരത്തിലേക്ക് നവീകരിക്കപ്പെടുന്ന കൊച്ചി സ്റ്റേഡിയത്തിലേക്ക് ഐ.എസ്.എല്‍ ഫൈനല്‍ പോരാട്ടം എത്തുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍ പ്രേമികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."