കേരള ബ്ലാസ്റ്റേഴ്‌സ് 2-1നു പൂനെ എഫ്.സിയെ കീഴടക്കി
കൊച്ചി: പ്ലേ ഓഫ് ലക്ഷ്യത്തിലേക്ക് ആദ്യ ചുവടുവച്ച് കേരള ബ്ലാസ്റ്റേഴ്‌സ് 2-1 നു പൂനെ എഫ്.സിയെ തകര്‍ത്തു. ഏഴാം മിനുട്ടില്‍ ഡക്കന്‍ നാസനും 57ാം മിനുട്ടില്‍ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസുമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമിലെ നാലാം മിനുട്ടില്‍ അനിബാള്‍ പൂനെയ്ക്കായി ആശ്വാസ ഗോള്‍ കണ്ടെത്തി. ഇതോടെ 12 കളികളില്‍ നിന്നു 18 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തെത്തി.
വിജയം തേടി അഴിച്ചു പണി
മുംബൈയോട് അഞ്ചടിയില്‍ നിലംപൊത്തിയ ബ്ലാസ്റ്റേഴ്‌സിനെ അഴിച്ചുപണിതാണ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പൂനെയ്‌ക്കെതിരേ കളത്തിലിറക്കിയത്. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് പ്രതിരോധത്തില്‍ മടങ്ങിയെത്തി. ഗ്രഹാം സ്റ്റാക്കിനെ പുറത്തിരുത്തി ഗോള്‍ വലയ്ക്കു മുന്നില്‍ സന്ദീപ് നന്ദിയെ കൊണ്ടു വന്നു. ആക്രമണ നിരയിലേക്ക് മുഹമ്മദ് റാഫിയെ മടക്കി വിളിച്ച കോപ്പല്‍ ദിദിയര്‍ കാഡിയോക്ക് പകരം ഹെയ്തി താരം ഡക്കന്‍ നാസനെയും ബെല്‍ഫോര്‍ട്ടിനെയും ആദ്യ ഇലവനില്‍ കളത്തിലിറക്കി. പൂനെ എഫ്.സിയെ മാറ്റങ്ങളോടെയാണ് അന്റോണിയോ ഹബാസ് കളത്തിലിറക്കിയത്. രാഹുല്‍ ബെക്കെ, പിറ്റു, ഗുസ്താറോ ഒബര്‍മാനെ എന്നിവര്‍ ആദ്യ ഇലവനില്‍ കളത്തിലെത്തി.
സൂപ്പറായി നാസന്‍
മുംബൈയോട് തകര്‍ന്നടിഞ്ഞ ടീമില്‍ നിന്നു ഏറെ വ്യത്യസ്തമായിട്ടാണ് സ്വന്തം തട്ടകത്തില്‍ ഇന്നലെ പൂനെയെ ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്. പ്ലേ ഓഫിലേക്കുള്ള ലക്ഷ്യം മുന്നില്‍ കണ്ടു ആദ്യ നിമിഷം മുതല്‍ ആക്രമിച്ചു കളിച്ചു. മുഹമ്മദ് റാഫിയോടും ബെല്‍ഫോര്‍ട്ടിനുമൊപ്പം ഡക്കന്‍ നാസനും വിനീതും കൈകോര്‍ത്തതോടെ പൂനെ പ്രതിരോധം വട്ടം കറങ്ങി. കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് താരനിര പൂനെ ഗോള്‍ മുഖത്ത് അവസരം സൃഷ്ടിച്ചെങ്കിലും ഡക്കന്‍ നാസന്‍ ഷോട്ട് തൊടുക്കും മുന്‍പേ ഗോളി അപൗല എഡല്‍ പന്ത് കൈകളിലാക്കി. അഞ്ചാം മിനുട്ടില്‍ ഇടത് വിങില്‍ നിന്നു സി.കെ വിനീത് ബോക്‌സിലേക്ക് നല്‍കിയ മികച്ച പാസ് കൂട്ടപ്പെരിച്ചിലിനിടെ പൂനെ വലയിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് താര നിരയ്ക്കായില്ല. നിരന്തരം പൂനെ ഗോള്‍മുഖത്ത് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ നടത്തിയ ആക്രമണം ഒടുവില്‍ ലക്ഷ്യത്തിലെത്തിയ മനോഹര നിമിഷം പിറന്നു. പൂനെ താരം ധര്‍മരാജ് രാവണന്റെ ബാക്ക് പാസ് പിടിച്ചെടുത്ത് മുന്നേറി ബോക്‌സില്‍ പ്രവേശിച്ച ഹെയ്തി താരം ഡക്കന്‍ നാസന്‍ ഗൗര്‍മാംഗി സിങിനെ വെട്ടിയൊഴിഞ്ഞ് തൊടുത്ത തകര്‍പ്പന്‍ ഷോട്ട് പൂനെ ഗോള്‍ വലയില്‍ തുളഞ്ഞിറങ്ങി. ഡക്കന്റെ ആക്രമണത്തില്‍ പൂനെ ഗോളി ഏഡല്‍ നിസ്സഹായനായി. സ്‌കോര്‍ 1-0.
ഒരു ഗോളിനു പിന്നിലായതോടെ പൂനെ തിരിച്ചടിക്കാന്‍ ശ്രമിച്ചു. ചില മുന്നേറ്റങ്ങള്‍ പൂനെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് നടത്തി. എന്നാല്‍ ആരോണ്‍ ഹ്യൂസും സെഡ്രിക് ഹെങ്ബര്‍ട്ടും സന്ദേശ് ജിങ്കാനും ഹോസു കുരിയാസും ഇരുമ്പുമറ തീര്‍ത്ത ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ തകര്‍ക്കാന്‍ പൂനെ താരങ്ങളുടെ നീക്കങ്ങള്‍ക്കായില്ല. 36ാം മിനുട്ടില്‍ ഗോള്‍ തിരിച്ചടിയ്ക്കാനുള്ള മികച്ചൊരു അവസരം പൂനെയ്ക്ക് തുറന്നു കിട്ടി. അനിബാള്‍ നല്‍കിയ ക്രോസില്‍ അരാറ്റ ഇസുമി ഹെഡ്ഡര്‍ ഉതിര്‍ത്തെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തേക്ക് പോയി. 43ാം മിനുട്ടില്‍ ലഭിച്ച അവസം സി.കെ വിനീത് പാഴാക്കിയതോടെ ലീഡ് ഉയര്‍ത്താനുള്ള ബ്ലാസ്റ്റേഴ്‌സ് ശ്രമം വിഫലമായി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ സമനില നേടാന്‍ പൂനെയ്ക്ക് അവസരം ലഭിച്ചെങ്കിലും അരാറ്റ ഇസുമി നഷ്ടപ്പെടുത്തി. 1-0നുബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പുമായി ഒന്നാം പകുതിക്ക് ആവേശ സമാപനം.
ഹെഡ്ഡറിലൂടെ ഹ്യൂസ്
രണ്ടാം പകുതിയുടെ 55ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ പകുതിയില്‍ ഗോള്‍ സമ്മാനിച്ച ഡക്കന്‍ നാസനെ പിന്‍വലിച്ചു അന്റോണിയോ ജര്‍മെയ്‌നെ കോപ്പല്‍ കളത്തിലെത്തിച്ചു. 57ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് നായകന്‍ ആരോണ്‍ ഹ്യൂസിന്റെ ഹെഡ്ഡറിനു മുന്നില്‍ എഡലും പൂനെയും വീണു. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍. ഇടതു വിങില്‍ നിന്നു വിനീത് ഉയര്‍ത്തി നല്‍കിയ പന്ത് പോസ്റ്റിനു തൊട്ടുമുന്നില്‍ നിന്നു മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് ഹെഡ്ഡറിലൂടെ പൂനെയുടെ വലയിലാക്കി. സ്‌കോര്‍ 2-0. ഇതിനിടെ മുഹമ്മദ് റാഫിയെ പുറത്തേക്കു വിളിച്ച കോപ്പല്‍ ഇഷ്ഫാഖ് അഹമ്മദിനെ പോരിനിറക്കി. 68ാം മിനുട്ടില്‍ പൂനെയ്ക്ക് മികച്ച അവസരം ലഭിച്ചു. ലൂക്കയുട പാസില്‍ നിന്നു പിറ്റു പായിച്ച ലോങ് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നകന്നു. 73ാം മിനുട്ടില്‍ ബെല്‍ഫോര്‍ട്ടിനെ പിന്‍വലിച്ചു ദിദിയര്‍ കാഡിയോയെ കോപ്പല്‍ കളത്തിലിറക്കി. 71ാം മിനുട്ടിലും 80ാം മിനുട്ടിലും ലീഡുയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിനു മുതലാക്കാനായില്ല. പൂനെ തുടരെ തുടരെ ആക്രമണവുമായി ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. മികച്ച രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും സന്ദീപ് നന്ദിയെയും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെയും കീഴടക്കാനായില്ല. സന്ദീപ് നന്ദിയുടെ മിന്നുന്ന സേവുകള്‍ പൂനെയ്ക്ക് വിലങ്ങായി.
കളി ആറു മിനുട്ട് ഇഞ്ച്വറി ടൈമിലേക്ക് നീണ്ടു. ഇതിനിടെ ലഭിച്ച ഫ്രീ കിക്ക് പൂനെ മുതലാക്കി. അനിബാള്‍ എടുത്ത ഫ്രീ കിക്ക് സന്ദീപ് നന്ദിയെ മറികടന്നു ബ്ലാസ്റ്റേഴ്‌സ് വലയില്‍ വീണു. പൂനെയുടെ ആശ്വാസ ഗോള്‍ പിറന്നതിനു തൊട്ടു പിന്നാലെ കളി അവസാനിപ്പിച്ച് റഫറിയുടെ ഫൈനല്‍ വിസില്‍. 2-1നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഇനി 29നു കൊല്‍ക്കത്തയില്‍ അത്‌ലറ്റിക്കോ ഡി. കൊല്‍ക്കത്തയെ ബ്ലാസ്റ്റേഴ്‌സ് നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."