'തൊട്ടാല്‍ പൊള്ളുന്ന' വകുപ്പില്‍ മണിയാശാന്‍ പണിതുടങ്ങി
തൊടുപുഴ: മുടങ്ങിക്കിടക്കുന്ന വൈദ്യുതി പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുമായി വൈദ്യുതി മന്ത്രി എം.എം മണി. നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ വിപുലീകരണ പദ്ധതി, 40 മെഗാവാട്ടിന്റെ തൊട്ടിയാര്‍ പദ്ധതി എന്നിവയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നത്.
കാറ്റാടി - സോളാര്‍ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനം. ആദ്യപടിയായി കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ വിളിച്ചുചേര്‍ത്തു. അഡി. ചീഫ് സെക്രട്ടറിയും ഊര്‍ജ സെക്രട്ടറിയുമായ പോള്‍ ആന്റണി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. കെ. ഇളങ്കോവന്‍, ഫിനാന്‍സ് ഡയറക്ടര്‍ എന്‍.എസ് പിള്ള, കോര്‍പറേറ്റ് പ്ലാനിങ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ഒ. അശോകന്‍, ജനറേഷന്‍ - സിവില്‍ ഡയറക്ടര്‍ എസ്.രാജീവ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ തീരുമാനിച്ച ശേഷം ചീഫ് എന്‍ജിനീയര്‍മാര്‍ അടക്കമുള്ളവരുടെ വിപുലമായ യോഗം വിളിച്ചുചേര്‍ക്കും. സി.പി.എം അനുകൂല സംഘടനയായ കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുമായ ബി. പ്രദീപിനെയടക്കം പേഴ്‌സണല്‍ സ്റ്റാഫില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ശ്രദ്ധകൂടി വൈദ്യുതി വകുപ്പിലുണ്ടാകും.
പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 550 കോടിയായി ഉയര്‍ത്താനുള്ള ചീഫ് എന്‍ജിനീയര്‍ (സിവില്‍ കണ്‍സ്ട്രക്ഷന്‍സ് സൗത്ത്) പി. സുചിത്രയുടെ ശുപാര്‍ശയടങ്ങുന്ന ഫയല്‍ മുന്‍ വൈദ്യുതി മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തിലുള്ള കാബിനറ്റ് സബ് കമ്മിറ്റിയുടെ പരിഗണനയിലാണ്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഈ ഫയല്‍ എത്തിക്കാനാണ് മന്ത്രി എം.എം മണിയുടെ ശ്രമം. പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ വിളിപ്പാടകലെയാണ് മണിയുടെ നാടായ കുഞ്ചിത്തണ്ണി. വകുപ്പുമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണം കൂടിയാകുമ്പോള്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ പ്രതീക്ഷ. തൊട്ടിയാര്‍ പദ്ധതിയുടെ സ്ഥിതിയും ഇതുതന്നെയാണ്.
രാമക്കല്‍മേട്ടില്‍ കെ.എസ്.ഇ.ബി ഉടമസ്ഥതയില്‍ കാറ്റാടിപ്പാടം സ്ഥാപിക്കലാണ് മന്ത്രിയുടെ പ്രധാന ലക്ഷ്യം. കാറ്റാടിപ്പാടം സ്ഥാപിക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ മുന്‍ശ്രമങ്ങളെല്ലാം പാതിവഴിയില്‍ പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ വിഭാവനംചെയ്ത കാറ്റാടി വൈദ്യുതി പദ്ധതിയുടെ നിര്‍മാണം ഏറ്റെടുക്കാന്‍പോലും ആളില്ലാതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 2004 ഓഗസ്റ്റില്‍ 480 കോടിയുടെ കാറ്റാടിപ്പാടം പദ്ധതിക്ക് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു.
100 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാറ്റ് ലഭിക്കുന്ന രാമക്കല്‍മേട് മന്ത്രിയുടെ നിയോജകമണ്ഡലമായ ഉടുമ്പഞ്ചോലയിലാണെന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. രണ്ടുവര്‍ഷം കൊണ്ട് 300 മെഗാവാട്ട് വൈദ്യുതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞദിവസം ഇടുക്കിയില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടിപറയവെ മന്ത്രി എം.എം മണി വൈദ്യുതി വകുപ്പിനെ വിശേഷിപ്പിച്ചത് തൊട്ടാല്‍ കൈ പൊള്ളുന്ന വകുപ്പെന്നായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."