മനോജ് വധം: മൂന്നു പ്രതികള്‍ക്കു കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി
തലശ്ശേരി: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ മൂന്നു പ്രതികള്‍ക്കു സ്വന്തം ജില്ലയില്‍ പ്രവേശിക്കാനുള്ള അനുമതിക്കുള്ള ഹരജി തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. നേരത്തെ പ്രതികള്‍ നല്കിയ ഹരജി ജില്ലാ കോടതിക്കു പരിഗണിക്കാന്‍ അര്‍ഹതയില്ലെന്നു ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. തുടര്‍ന്നു മനോജ് കേസിലെ 11-ാം പ്രതിയും ദേശാഭിമാനി ജീവനക്കാരനുമായ തളിപ്പറമ്പ് തടിക്കടവിലെ മണിക്കല്‍ അരപ്പയില്‍ കൃഷ്ണന് നല്കിയ ഹരജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന് ബഞ്ച് ഹരജി തലശ്ശേരി സെഷന്‍സ് കോടതി മുമ്പാകെ തന്നെ പരിഗണിക്കേണ്ടതാണെന്ന് ഉത്തരവിട്ടിരുന്നു. തുടര്‍ന്നു പ്രതികള്‍ വീണ്ടും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.
കേസിലെ മൂന്നാംപ്രതി കിഴക്കെ കതിരൂരിലെ ചപ്ര പ്രകാശന് എന്ന കീര്‍ത്തനം വീട്ടില്‍ പ്രകാശന് (53), 11-ാം പ്രതി അരപ്പയില്‍ കൃഷ്ണന് (46), 12-ാം പ്രതി കിഴക്കെ കതിരൂരിലെ പുത്തലത്തു വീട്ടില്‍ എ രാമചന്ദ്രന് (56) എന്നിവര്‍ക്കാണു കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ ജഡ്ജി വി.ജെ അനില്‍കുമാര്‍ അനുമതി നല്‍കിയത്. നേരത്തെ ഉപാധികളോടെ പ്രതികള്‍ക്കു കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ജാമ്യ വ്യവസ്ഥ പ്രകാരം സ്വന്തം ജില്ലയില്‍ പ്രവേശിക്കാനുള്ള അനുമതി ഇല്ലായിരുന്നു. ഇതു നേടിയെടുക്കാന്‍ പ്രതികള്‍ കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. കെ വിശ്വന് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."