കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി പരിഗണനയിലെന്ന് കേന്ദ്രം
കോഴിക്കോട്: അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ കോഡ് ഇ-വിഭാഗത്തില്‍പ്പെട്ട വലിയ വിമാനങ്ങള്‍ക്കു സര്‍വിസ് നടത്താനുള്ള അനുമതി കൂടി പുന:സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നു കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു എം.കെ രാഘവന്‍ എം.പിക്ക് ഉറപ്പു നല്‍കി. ഡി.ജി.സി.എയുടെ പ്രത്യേക സംഘം വൈകാതെ തന്നെ കോഴിക്കോട് വിമാനത്താവളം സന്ദര്‍ശിച്ചു പരിശോധന നടത്തുമെന്നും അതിനുശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് എം.കെ രാഘവന്‍ എം.പി അശോക് ഗജപതി രാജുവിനെയും സഹമന്ത്രി ജയന്ത് സിന്‍ഹയെയും നേരില്‍ കണ്ടിരുന്നു.
രാജ്യത്തെ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് കോഴിക്കോട്.
ഇവിടെ നിന്നുള്ള 98 ശതമാനം വിമാന സര്‍വിസുകളും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്. 2.5നും മൂന്നു ദശലക്ഷത്തിനുമിടയില്‍ യാത്രക്കാരാണു പ്രതിവര്‍ഷം ഈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത്. ഹജ്ജ് യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിമാനത്താവളങ്ങളിലൊന്നു കൂടിയാണിത്.
റീ കാര്‍പ്പറ്റിങ് ജോലികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഇവിടെ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കോഡ്-ഇ വിഭാഗത്തിലുള്ള വിമാനങ്ങള്‍ സര്‍വിസ് നടത്തിയിട്ടുണ്ട്. എന്നാല്‍ അറ്റകുറ്റപ്പണികളുടെ പേരുപറഞ്ഞു വലിയ വിമാനങ്ങള്‍ ഇവിടെ നിന്നും സര്‍വിസ് നടത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ഇപ്പോള്‍ കോഡ് ഇ വിമാനത്താവളങ്ങള്‍ ഇറങ്ങുന്നത് മൂലം റണ്‍വേ പ്രതലത്തിനു കേടുപാട് പറ്റുമെന്നാണു വ്യോമയാന മന്ത്രാലയത്തിന്റെ വാദം.
നിരവധി വലിയ വിമാനങ്ങള്‍ കോഴിക്കോടു നിന്നും സര്‍വിസ് നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പല വിമാനങ്ങളും കൊച്ചി വഴി തിരിച്ചുവിടുന്ന അവസ്ഥയാണുള്ളത്. ഇതിനാല്‍ ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രക്കാര്‍ക്കു വലിയ ബുദ്ധിമുട്ടുണ്ടാകുന്നു. ബ്ലാക്ക് ടോപ്പിങിന്റെ നാലാംഘട്ടം മാര്‍ച്ച് 2017-ഓടു കൂടി അവസാനിക്കും.
റീകാര്‍പ്പറ്റിങ് പൂര്‍ത്തിയാകുന്നതോടൂ കൂടി റണ്‍വെ കൂടുതല്‍ ശക്തമാകും. അതോടെ കോഡ് ഇ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ഈ സാഹചര്യത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."