ജലസേചന പദ്ധതിയുടെ കരാര്‍ നടപടി പൂര്‍ത്തിയായി
തൃക്കരിപ്പൂര്‍: പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ വിവിധ ഇടങ്ങളിലായി 250 ഏക്കറില്‍ പരന്നുകിടക്കുന്ന കുട്ടനാടി പാടത്തു ജലസേചനം ഒരുക്കാന്‍ കരാര്‍ നടപടി പൂര്‍ത്തിയായി. നബാര്‍ഡ് പദ്ധതിയില്‍ 35 ലക്ഷം രൂപ ചെലവഴിച്ചാണു ജലസേചനം ഒരുക്കുന്നത്. മൂന്നു കുളങ്ങളും കിണറുകളും ഉപയോഗപ്പെടുത്തി പുതിയ ടാങ്കുകള്‍ സ്ഥാപിച്ചു പൈപ്പ് ലൈനിട്ട് ടാപ്പുകള്‍ സ്ഥാപിക്കും. കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് ടാപ്പ് വഴി വെള്ളം പാടത്തെത്തിക്കാന്‍ കഴിയുന്ന തരത്തിലാണു പദ്ധതി ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നബാര്‍ഡ് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ഒരു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസമാണു കരാര്‍ നടപടി പൂര്‍ത്തിയായത്.
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.ജി.സി ബഷീര്‍, ഒന്നാം വാര്‍ഡ് അംഗം ശംസുദീന്‍ ആയിറ്റി, കുട്ടനാടി പാടശേഖര സമിതി എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ അന്നത്തെ കൃഷി മന്ത്രിക്കു കുട്ടനാടി പാടം നവീകരണവും ജലസേചന സംവിധാനവും ഒരുക്കണമെന്ന് ആവശ്യപ്പെട്ടു നിവേദനം നല്‍കിയിരുന്നു. 2013ല്‍ ജില്ലാ ആസൂത്രണ ബോര്‍ഡ് അംഗീകാരം നല്‍കിയ പദ്ധതി ഒന്നര വര്‍ഷം ചുവപ്പുനാടയില്‍ കുടുങ്ങിയ ശേഷമാണു കഴിഞ്ഞ വര്‍ഷം നബാര്‍ഡ് 32.43 ലക്ഷം രൂപ അനുവദിച്ചത്.
മൂന്നു കുളങ്ങളും എട്ടു വര്‍ഷം മുന്‍പു ജില്ലാ പഞ്ചായത്ത് പത്തു ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച കിണറും പമ്പ് ഹൗസും പദ്ധതിയില്‍ ഉപയോഗപ്പെടുത്തും. പദ്ധതിക്കായി ഉപയോഗിക്കുന്ന മൂന്നു കുളങ്ങളില്‍ വണ്ണാത്തിക്കുളം കഴിഞ്ഞ വര്‍ഷം പത്തു ലക്ഷം രൂപ ചിലവഴിച്ചും രണ്ടു വര്‍ഷം മുന്‍പ് 20 ലക്ഷം രൂപ ചെലവഴിച്ചു കുറുവാപ്പള്ളി തട്ടിനു താഴെ കുളവും ഉള്‍നാടന്‍ ജലഗതാഗത വകുപ്പു നവീകരിച്ചിരുന്നു.
250 ഏക്കറിലായി പരന്നുകിടക്കുന്ന കുട്ടനാടി പാടം പഴയകാലത്തു മൂന്നു വിള നെല്‍കൃഷിയും ഇടവിളയായി പച്ചക്കറി കൃഷിയും ചെയ്തിരുന്നു. വെള്ളത്തിന്റെ അഭാവം കാരണം കര്‍ഷകര്‍ കുട്ടനാടി പാടത്തു കൃഷി ഉപേക്ഷിക്കുകയായിരുന്നു. ഒരു കാലത്തു തൃക്കരിപ്പൂരിലെയും പരിസര പഞ്ചായത്തുകളിലെയും പത്തായങ്ങളെ നിറച്ചിരുന്നതു കുട്ടനാടി പാടത്തു കൃഷി ചെയ്ത നെല്ലുകളായിരുന്നു.
ജലസേചന പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുട്ടനാടിയില്‍ പഴയകാല കാര്‍ഷിക സംസ്‌കാരം തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."