വിധി നിര്‍ണയത്തിനെതിരെ പരാതികള്‍ വ്യാപകം; അധികൃതര്‍ക്ക് പതിവുപല്ലവി
ഷൊര്‍ണൂര്‍: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിന്റെ വിധിനിര്‍ണയത്തിനെതിരെ വ്യാപകപരാതികള്‍. ഷൊര്‍ണൂരില്‍ നടക്കുന്ന ശാസ്‌ത്രോല്‍സവം മൂന്നാംദിനത്തിലേക്ക് കടക്കുമ്പോള്‍ വിധി നിര്‍ണയത്തിലെ അപാകതകള്‍ പരാതികളായി പ്രവഹിക്കുകയാണ്. വിവിധ മല്‍സരങ്ങളുടെ വിധിനിര്‍ണയത്തിനെതിരെ മല്‍സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പരാതിയുണ്ട്. അതേസമയംപ്രവൃത്തിപരിചയമേള നിയന്ത്രിക്കുന്ന വിധികര്‍ത്താക്കള്‍ക്കെതിരെയാണ് കൂടുതല്‍ പരാതി ഉയര്‍ന്നിട്ടുളളത്.
മല്‍സരത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവൃത്തികള്‍ ചെയ്യുന്നവരെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് വിധികര്‍ത്താക്കള്‍ സ്വീകരിച്ചതെന്ന് മല്‍സരാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. ഇതിനിടെ പ്രവൃത്തിപരിചയമേളയിലെ വിധിനിര്‍ണയത്തെച്ചൊല്ലി ഇന്നലെ മേളയുടെ മുറ്റത്ത് കയ്യാങ്കളിയും അരങ്ങേറി. തെക്കന്‍ജില്ലകളില്‍ നിന്നും വന്ന രക്ഷിതാക്കളാണ് വിധിനിര്‍ണയവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടിയത്. വിധികര്‍ത്താവിനെതിരെ പരാതി പറയാനെത്തിയ രക്ഷിതാവും, വിധികര്‍ത്താവിനെ അനുകൂലിച്ച രക്ഷിതാവും തമ്മിലാണ് മല്‍പ്പിടുത്തം ഉണ്ടായത്. മറ്റു രക്ഷിതാക്കള്‍ ഇടപെട്ടതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.
പ്രവൃത്തി പരിചയമേളയിലെ തെറ്റായ കീഴ്‌വഴക്കങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുകയാണെന്നാണ് ചില രക്ഷിതാക്കള്‍ക്ക് പരാതി ഉന്നയിക്കാനുളളത്. പ്രവൃത്തിപരിചയമേളയില്‍ വിവിധ ഉല്‍പ്പന്നനിര്‍മ്മാണ മല്‍സരത്തില്‍ പങ്കെടുക്കുന്നവരില്‍ പലരും വീട്ടില്‍ നിന്നും, ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കികൊണ്ടുവരികയാണ്. ഫയല്‍ ബോര്‍ഡ് നിര്‍മാണത്തിലായാലും കുടനിര്‍മ്മാണത്തിലായാലും മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല. പ്രവൃത്തിപരിചയമേളയില്‍ ഉല്‍പ്പന്ന നിര്‍മ്മാണത്തിന് നല്‍കുന്ന സമയം മൂന്നുമണിക്കൂറാണ്. ഇന്നലെ ഫയല്‍ബോര്‍ഡ് മല്‍സരത്തില്‍ പങ്കെടുത്തവര്‍ ആള്‍വീതം ഉണ്ടാക്കിയ ഫയലുകളുടെ എണ്ണം 15-നുമുകളിലാണ്. ഇത് ഒരിക്കലും സാധ്യമല്ലെന്നാണ് പറയപ്പെടുന്നത്. സാധാരണ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ പത്തില്‍താഴെ മാത്രമെ ഉണ്ടാക്കാന്‍ കഴിയുളളുവെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇന്നലെ ഉണ്ടാക്കിയ ഫയലുകള്‍ക്ക് തൂക്കം ഇല്ലായിരുന്നവെന്നും പറയപ്പെടുന്നു. തൂക്കം നോക്കിവേണം വിധികര്‍ത്താക്കള്‍ മാര്‍ക്കിടാന്‍. എന്നാല്‍ അതും പാലിക്കപ്പെട്ടില്ല.
കുടനിര്‍മാണത്തിലും കാര്യങ്ങള്‍ നടന്നത് നിയമാവലിയെ കാറ്റിപറത്തിയാണ്. പല മല്‍സരാര്‍ഥികളും കുട തയ്യാറാക്കിയാണ് വന്നത്. തുന്നലും കാലു ഘടിപ്പിക്കലും പോലുളള ജോലികള്‍ ബാക്കിവെച്ചാണ് എത്തിയതെന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ മൂന്നുമണിക്കുര്‍ കൊണ്ട് പത്തുമുതല്‍ പതിനഞ്ച് കുടകള്‍ വരെ ഉണ്ടാക്കാന്‍ മല്‍സരാര്‍ഥികള്‍ക്ക് കഴിഞ്ഞു. ഈ മൂന്നുമണിക്കൂര്‍ കൊണ്ട് നിര്‍മിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളുടെ ഇരട്ടിയാണ് ഇതുമൂലം കുട്ടികള്‍ ഉണ്ടാക്കിയതെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."