ശ്രദ്ധിക്കുക ദേശീയപാതയില്‍ വീണ്ടും മരണക്കുഴികള്‍ പ്രത്യക്ഷപ്പെട്ടു ; പരിഹാരം കാണാതെ അധികൃതര്‍ കണ്ണടച്ചു
മണ്ണഞ്ചേരി : ശക്തമായ വേനല്‍മഴക്ക് പിന്നാലെ ദേശീയപാതയില്‍ വീണ്ടും മരണക്കുഴികള്‍ രൂപപ്പെട്ടു. ചേര്‍ത്തല എക്‌സറേ കവല മുതല്‍ ആലപ്പുഴ നഗരത്തിന്റെ തെക്കന്‍ അതിര്‍ത്തി വരെയാണ് അപകടം വിതയ്ക്കുന്ന കുഴികളുടെ രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ വേനല്‍ മഴയെ തുടര്‍ന്നാണ് ഇപ്പോഴത്തെ കുഴികള്‍ രൂപപ്പെട്ടത്.
കുഴികള്‍ക്ക് പുറമേ റോഡിന്റെ ഉപരിഭാഗത്ത് ടാര്‍ മിശ്രിതത്തില്‍ ചേര്‍ത്തിട്ടുള്ള ബേബി മെറ്റല്‍ ഇളകി ദേശിയപാതയില്‍ കിടക്കുന്നതിനാല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം തെറ്റി അപകടത്തില്‍പെടുന്നതും പതിവായി. ചേര്‍ത്തലയില്‍ എക്‌സറേ കവലയ്ക്കും കെ.വി.എമ്മിനും ഇടയില്‍ റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പതിനൊന്നാം മൈല്‍, മായിത്തറ, കണിച്ചുകുളങ്ങര, കഞ്ഞിക്കുഴി, മാരാരിക്കുളം, വളവനാട്, കലവൂര്‍, പാതിരപ്പള്ളി, പൂങ്കാവ്, തുമ്പോളി, കൊമ്മാടി, ആറാട്ടുവഴി, പവര്‍ഹൗസ് ജംങ്ഷന്‍ എന്നിവിടങ്ങളിലാണ് ദേശീയപാത തകര്‍ന്നിട്ടുള്ളത്. ഇതില്‍ വലിയകലവൂരിലും പാതിരപ്പള്ളിയിലും ആണ് ചെറിയ മെറ്റല്‍ ഇളകി റോഡില്‍ കിടക്കുന്നതു മൂലമുള്ള അപകടങ്ങള്‍ നടക്കുന്നത്. അപകടങ്ങള്‍ പതിവായതോടെ സമാന്തര റോഡിന്റെ അപാകത പരിഹരിക്കാന്‍ ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. ഇതിനിടയില്‍ ഉണ്ടായ അപകട മരണത്തേ തുടര്‍ന്ന് ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരേയും ദേശീയപാതയിലെ ഈ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ അധികൃതര്‍ ശ്രമിച്ചിട്ടില്ല. പ്രധാനപാതയും സമാന്തരപാതയും തമ്മില്‍ ഈ ഭാഗങ്ങളില്‍ രണ്ടടി വരെ ഉയര്‍ന്നു കിടക്കുകയാണ്. വലിയ വാഹനങ്ങള്‍ അമിതവേഗതയില്‍ എത്തുമ്പോള്‍ അപകടത്തില്‍ പെടാതിരിക്കാന്‍ റോഡരികിലേക്ക് ഇരുചക്രവാഹനങ്ങള്‍ ഒതുക്കുമ്പോഴൊ താഴെയിറക്കി പാതയിലേക്ക് കറുമ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നത്. ഇപ്പോള്‍ തന്നെ അപകടകരമായ രീതിയില്‍ തകര്‍ന്ന ദേശീയപാത ഉടന്‍ അറ്റകുറ്റപണികള്‍ നടത്തിയില്ലെങ്കില്‍ കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും താറുമാറാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."