അട്ടപ്പാടിയില്‍ റെഡ് അലെര്‍ട്ട്
ഫൈസല്‍ കോങ്ങാട്
പാലക്കാട്: നിലമ്പൂര്‍ പടുക്ക വനത്തില്‍ പൊലിസ് മാവോയിസ്റ്റ് ഏറ്റമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ അട്ടപ്പാടി വനമേഖലയോടു ചേര്‍ന്നുനില്‍ക്കുന്ന മുഴുവന്‍ പ്രദേശങ്ങളിലും പൊലിസ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്നു കഴിഞ്ഞ മൂന്നുവര്‍ഷമായി വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയ മേഖലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്നു സംസ്ഥാന പൊലിസ്, തണ്ടര്‍ബോള്‍ട്ട് കമാന്റോസ്, തമിഴ്‌നാട് പൊലിസ് കമാന്റോസ് എന്നീ വിഭാഗങ്ങള്‍ അട്ടപ്പാടിയിലെ വിവിധ മേഖലകളില്‍ വനത്തിലൂടെയുള്ള തെരച്ചിലും ശക്തമാക്കി.
മാവോയിസ്റ്റുകളുമായി നേരത്തെ പൊലിസ് വനത്തില്‍ ഏറ്റമുട്ടലുകളുണ്ടായിട്ടുണ്ടെങ്കിലും മാവോയിസ്റ്റുകള്‍ക്കു പരുക്കേല്‍ക്കുകയോ അവര്‍ കൊല്ലപ്പെടുകയോ ചെയ്തിരുന്നില്ല. ഇതാദ്യമായി കേരള വനത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതോടെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടുവെന്നും വിവിധ സേനാവിഭാഗങ്ങളുടെ സംയുക്ത സംഘം ശക്തമായ തെരച്ചില്‍ തുടങ്ങിയെന്നും പൊലിസ് കേന്ദ്രങ്ങള്‍ 'സുപ്രഭാത'ത്തോട് വ്യക്തമാക്കി.
കേരള, തമിഴ്‌നാട്, കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ മൂന്നു സംസ്ഥാനങ്ങളുടെയും വിദഗ്ധ പരിശീലനം ലഭിച്ച കമാന്റോസ് ഉള്‍പ്പടേയുള്ള സംഘമാണ് തെരച്ചിലിനായി കാടുകളിലേക്ക് കയറിയിരിക്കുന്നത്. 50 അംഗ മാവോയിസ്റ്റ് സംഘമാണ് കാടിനുള്ളില്‍ ഉള്ളതെന്നാണു രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുള്ളത്. വെടിവെപ്പുണ്ടായ സാഹചര്യത്തില്‍ ഇവര്‍ അട്ടപ്പാടി മേഖലയിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണു തെരച്ചില്‍ സംഘം കാട്ടിലേക്കു കയറിയിട്ടുള്ളത്.
എത്ര വലിയ ഏറ്റുമുട്ടലും നേരിടാനുള്ള മുന്നൊരുക്കങ്ങളുമായാണു പൊലിസ് സംഘം കാട്ടില്‍ തെരച്ചില്‍ നടത്തുന്നത്. അട്ടപ്പാടിയുടെ വിദൂരദിക്കുകളിലുള്ള ഊരുകളില്‍ മാവോയിസ്റ്റുകള്‍ നിരന്തരം വന്നുപോകുന്നുണ്ടെന്നും ആദിവാസികള്‍ക്കിടയില്‍ വലിയ തോതില്‍ ആശയപ്രചരണം നടത്തുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു.
2014 സെപ്തംബര്‍ 21നു മുക്കാലിയിലെ വനംവകുപ്പിന്റെ ഓഫിസ് ആക്രമിക്കുകയും ഫയലുകളും അവിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പും കത്തിക്കുകയും ചെയ്തിരുന്നു. അതേ ദിവസം തന്നെ പാലക്കാട് നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.എഫ്.സി ചിക്കന്‍ ഷോറൂം ആക്രമിച്ചതും മാവോയിസ്റ്റുകളാണെന്നാണ് പൊലിസ് കണ്ടെത്തിയത്.
പിന്നീട് 2015 ഫെബ്രുവരി 13നു മുക്കാലി വനത്തിനുള്ളിലും തുടര്‍ന്ന് എടത്തനാട്ടുകരയ്ക്കടുത്ത അമ്പലപ്പാറയിലെ വനത്തിലും പൊലിസുമായി മാവോയിസ്റ്റ് സംഘം ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ഭവാനിദളം എന്ന പേരിലാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. പുതിയ സാഹചര്യത്തില്‍ ആക്രമണ സാധ്യതയുള്ള അട്ടപ്പാടി പൊലിസ് സ്റ്റേഷന്‍ ഉള്‍പ്പടേയുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."