മണ്ണഞ്ചേരി പൊലിസ് സ്റ്റേഷന്‍ വളപ്പിലെ ജൈവകൃഷി ; നൂറുമേനിയുടെ വിളവ്
മണ്ണഞ്ചേരി : പൊലിസ് സ്റ്റേഷന്‍ വളപ്പിലെ ജൈവ കൃഷിയില്‍ ഇത്തവണയും നൂറുമേനി വിളവ്. മണ്ണഞ്ചേരിയിലെ പൊലിസ് സ്റ്റേഷന്‍ വളപ്പിലെ ചൊരിമണലില്‍ പച്ചപ്പണിയിച്ചാണ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കാക്കിധാരികള്‍ തികഞ്ഞ കര്‍ഷകരായി മാറിയത്. പയര്‍, പീച്ചില്‍, വെണ്ട, വഴുതന, ചീര, മത്തന്‍, പടവലം, കറിചുരക്ക, കുമ്പളം, ചേന, വാഴ എന്നിവയിലൂടെയാണ് വിളവ് കൊയ്തത്. എ.എസ്.ഐ ജി. രമേശനാണ് കൃഷികാര്യങ്ങളുടെ മേല്‍നോട്ടം. ഒപ്പം നാട്ടിലെ പൊതുപ്രവര്‍ത്തകനും മികച്ച ജൈവകര്‍ഷകനുമായ സമൂഹമഠം ശശിയും പൊലിസ് സ്റ്റേഷനിലെ കൃഷികാര്യങ്ങളില്‍ സജീവമായുണ്ട്. വിള പരിപാലനത്തിനായി സ്റ്റേഷനിലെ ബഹുഭൂരിപക്ഷം പൊലിസുകാരും സഹകരിക്കുന്നതായും രമേശന്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരുമാസമായി പയര്‍ വിളവെടുപ്പ് നടക്കുകയാണ്. നിത്യവും മൂന്നു കിലോ പയര്‍ ലഭിക്കുന്നതായി സമൂഹമഠം ശശി പറഞ്ഞു. ജനമൈത്രി പൊലിസിന്റെ ചുമതലയുള്ള ജി. രമേശനും ജില്ലയില്‍ ജൈവകര്‍ഷകനുള്ള നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള സമൂഹമഠം ശശിയും നാടിനാകെ മാതൃകയാകുന്ന കൃഷി പരിപാലിക്കുമ്പോള്‍ സമീപ പ്രദേശത്ത് യുവാക്കളടക്കമുള്ളവര്‍ കൃഷിയിലേക്ക് ശ്രദ്ധയൂന്നുന്നതായി നാട്ടുകാരും വെളിപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."