ചെങ്ങന്നൂരിലേത് ഇടതിന്റെ ചരിത്ര നേട്ടം ; സി.പി.എം വിജയിക്കുന്നത് അര നൂറ്റാണ്ടിന് ശേഷം
മാന്നാര്‍: ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയം സി.പി.എമ്മിന് സമ്മാനിച്ചത് ചരിത്ര നേട്ടമാണ്. ഹാട്രിക് വിജയം നേടി ചരിത്രത്തിന്റെ ഭാഗമാകുവാനുള്ള യു.ഡി.എഫിലെ പി.സി.. വിഷ്ണുനാഥിന്റെ മോഹം തല്ലിക്കെടുത്തിയാണ് അഡ്വ. കെ.കെ രാമചന്ദ്രന്‍ നായര്‍ ചെങ്കൊടി പാറിച്ചത്. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് എല്‍.ഡി.എഫ് ചെങ്ങന്നൂരില്‍ വിജയിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും പി.സി വിഷ്ണനാഥ് മണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോള്‍ അതിന് മുമ്പുള്ള മൂന്ന് തവണ ശോഭാന ജോര്‍ജിന്റെ കാലമായിരുന്നു. തുടര്‍ച്ചയായി അഞ്ച് തവണ യു.ഡി.എഫ് വിജയിച്ച മണ്ഡലമാണ് കെ.കെ രാമചന്ദ്രന്‍ നായരിലൂടെ സി.പി.എം തിരികെ പിടിച്ചത്. ശോഭനാ ജോര്‍ജ് 1600 വോട്ടിന് കെ.കെ രാമചന്ദ്രന്‍ നായരെ പരാജപ്പെടുത്തിയാണ് 2011 ല്‍ ചെങ്ങന്നൂരില്‍ നിന്ന് വിജയിച്ചത്. ഇത്തവണ ശോഭനാ ജോര്‍ജ് വിമതയായി മത്സരിച്ചത് രാമചന്ദ്രന്‍ നായര്‍ക്ക് ഗുണമാകുകയും ചെയ്തു. അപ്രതീക്ഷിതമായിട്ടാണ് സി.പി.എം കെ.കെ രാമചന്ദ്രന്‍നായരെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകുന്നത്. ആലപ്പുഴ ജില്ലാ കമ്മിറ്റി ജില്ലാ സെക്രട്ടറിയായ സജിചെറിയാന്റെ പേരാണ് ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ കഴിഞ്ഞ സമ്മേളനത്തില്‍ സെക്രട്ടറിമാരായവര്‍ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതോടെ പുതിയ സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടി വന്നു. നിരവധി പേരുകള്‍ മാറിമറിഞ്ഞ് വന്ന ശേഷം വി.എസ് പക്ഷത്തോടൊപ്പം നില്‍ക്കുന്ന അഡ്വ. കെ.കെരാമചന്ദ്രന്‍ നായരുടെ പേര് ജില്ലാ സെക്രട്ടറി തന്നെ നിര്‍ദേശിക്കുകയായിരുന്നു. എന്തായാലും ഇത്തവണ ഭാഗ്യം രാമചന്ദ്രന്‍ നായര്‍ക്കൊപ്പമായിരുന്നു. എല്‍.ഡി.എഫ് കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ചെങ്ങന്നൂരില്‍ വിജയിച്ചതെങ്കില്‍ സി.പി.എം പാര്‍ട്ടി ചിഹ്നത്തില്‍ ഇവിടെ മത്സരിച്ച് വിജയിക്കുന്നത് അര നൂറ്റാണ്ടിന് ശേഷമാണ്. ഏറ്റവും ഒടുവില്‍ ഇവിടെ സി.പി.എം വിജയിക്കുന്നത് 1972 ലാണ്. പി.ജി പുരുഷോത്തമന്‍ പിള്ളയാണ് അന്ന് ചെങ്ങന്നൂരിനെ പ്രതിനിധാനം ചെയ്ത് നിയമസഭയിലെത്തിയത്. പിന്നീട് ഘടകക്ഷികള്‍ക്കാണ് എല്‍.ഡി.എഫ് സീറ്റ് നല്‍കിയത്. എന്‍.സി.പി സ്ഥിരമായി തോറ്റ് തുടങ്ങിയതോടെ സി.പി.എം ഈ സീറ്റ് 2001 ല്‍ ഏറ്റെടുക്കുകയായിരുന്നു. അന്ന് പാര്‍ട്ടി ഇതിനായി നിയോഗിച്ചതും കെ.കെ രാമചന്ദ്രന്‍ നായരെയായിരുന്നു. പിന്നീടുള്ള രണ്ട് തവണ സി.പി.എം സജി ചെറിയാന്‍, സി.എസ് സുജാത എന്നിവരെയാണ് മത്സരിപ്പിച്ചത്. ഈ രണ്ട് തവണയും പി.സി വിഷ്ണുനാഥാണ് വിജയം കണ്ടത്. രണ്ട് തവണ മാറി നിന്ന ശേഷം വീണ്ടും മത്സര രംഗത്ത് വന്ന അഡ്വ. കെ.കെ രാമചന്ദ്രന്‍ നായര്‍ അട്ടിമറി വിജയം നേടി ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."