ഖത്തറില്‍ ഇടിമിന്നലിന്റെ അകമ്പടിയോടെ മഴ
ദോഹ: ഖത്തറിന്റെ പല ഭാഗത്തും ഇന്നലെ ശക്തമായ മഴ ലഭിച്ചു. ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച മഴ ഉച്ചയോടെ ശക്തി പ്രാപിച്ചു. അല്‍വഅബ് സ്ട്രീറ്റ്, അല്‍ബുസ്താന്‍ സ്ട്രീറ്റ് തുടങ്ങി പ്രധാന റൂട്ടുകളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
ഉനൈസ, അല്‍അസീസിയ, അല്‍മഅ്്മൂറ, അല്‍മെസീല, മൈദര്‍, ബര്‍വ സിറ്റി, നജ്്മ, മന്‍സൂറ, ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയ, ഓള്‍ഡ് അല്‍ഗാനിം തുടങ്ങിയ പ്രദേശങ്ങളിലും പല തെരുവുകളും വെള്ളത്തിലായി. ചില ഉള്‍റോഡുകളില്‍ മുട്ടോളം വെള്ളമുണ്ട്. ശനിയാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ അവധിയായതിനാല്‍ കാര്യമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല. മിക്കവരും സുഹത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം വീടുകളില്‍ ഒതുങ്ങിക്കൂടി.
രാജ്യത്തെ ചില പ്രധാന മാളുകളില്‍ ചോര്‍ച്ച അനുഭവപ്പെട്ടതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. വില്ലേജിയോ മാളിലെ പാട്രിസ് സലൂണിന് മുന്നില്‍ മഴയെ തുടര്‍ന്ന് മേല്‍ക്കൂര അടര്‍ന്നു വീണു. വിര്‍ജിന്‍ മെഗാസ്റ്റോര്‍ ശക്തമായ ചോര്‍ച്ചയെ തുടര്‍ന്ന് അടച്ചിട്ടു. ഖുലൂദ് ഫാര്‍മസിയുടെ ചില ഭാഗങ്ങളിലും ചോര്‍ച്ചയുണ്ടായി. പോള്‍ ആന്റ് ബൂട്ട്‌സ് ഫാര്‍മസിക്കു സമീപമുള്ള ചില ഭാഗങ്ങളും ചോര്‍ച്ചയെ തുടര്‍ന്ന് അടച്ചു. എച്ച് ആന്റ് എം, സറ, ഗന്‍ഡോലാനിയ എന്റര്‍ടെയ്ന്‍മെന്റ് സോണ്‍ തുടങ്ങിയ സ്‌റ്റോറുകളെയും ചോര്‍ച്ച ബാധിച്ചു. ജീവനക്കാരില്‍ പലരും ഇന്നലെ വെള്ളം തുടച്ചു മാറ്റുന്ന തിരക്കിലായിരുന്നു. എന്നാല്‍, ചോര്‍ച്ച ഷോപ്പിങിനെ കാര്യമായി ബാധിച്ചില്ല.
ലാന്റ്മാര്‍ക്ക് മാളിലും ചോര്‍ച്ചയുണ്ടായതായി ദി പെനിന്‍സുല റിപോര്‍ട്ട് ചെയ്തു. മാളിന്റെ പാര്‍ക്കിങ് സ്ഥലത്ത് വെള്ളം കയറിയതായും റിപോര്‍ട്ടില്‍ പറയുന്നു. ചോര്‍ച്ചയുടെയും വെള്ളക്കെട്ടിന്റെയും ചിത്രങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പല ഭാഗങ്ങളിലും കാര്യമായി വെള്ളം കയറിയിട്ടുണ്ടെന്ന് പ്രദേശ വാസികള്‍ പറഞ്ഞു.
അതേ സമയം, വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിന് അധികൃതര്‍ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രധാന റൂട്ടുകളില്ലെല്ലാം എമര്‍ജന്‍സി വാഹനങ്ങള്‍ വിന്യസിച്ചു. വാഹന യാത്രക്കാര്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വാഹനങ്ങള്‍ പതുക്കെ സഞ്ചരിക്കുക, പൊടുന്നനെ ബ്രേക്കിടുന്നതും ഹസാര്‍ഡ് ലൈറ്റുകളും ഒഴിവാക്കുക, വാഹനങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അധികൃതര്‍ മുന്നോട്ട് വച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് ചില ഔട്ട്‌ഡോര്‍ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. കാരക്ടര്‍ വില്ലേജ് പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഖത്തര്‍ ഫൗണ്ടേഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."