ബ്രിട്ടീഷ് 'ഹാങ് ഓവറില്‍' നമ്മുടെ പൊലിസ്
ഞായര്‍ പ്രഭാതം (20 നവംബര്‍) വായിച്ചു. കേരളാ പൊലിസിനെ തുറന്നു കാണിക്കുന്ന ഫീച്ചര്‍ ഉചിതമായി. പൊലിസിന്റെ നെറികേടുകള്‍ സാധാരണ വേണ്ടരീതിയില്‍ മാധ്യമങ്ങളിലൂടെ പുറത്തു വരാറില്ല. ലോകം ഒരുപാട് മാറി. ഇപ്പോള്‍ ഇന്ത്യയിലെ പൊലിസ് സ്റ്റേഷനുകളൊഴിച്ച് എന്നു പറയേണ്ടി വരുന്നു. പ്രത്യേകിച്ചും കേരളത്തിലെ.
70കളിലൊക്കെ നാട്ടിന്‍പുറങ്ങളില്‍ ഒരു തരം പനി വന്നു പോയാല്‍ ചുണ്ടുകളുടെ അതിരുകളിലും നാസാദ്വാരങ്ങളിലും പ്രത്യക്ഷപ്പെട്ട പുണ്ണുകളെ പനി തൂറിയതെന്ന് പറയാറുണ്ടായിരുന്നു. അതുപോലെ നമ്മുടെ പൊലിസ് സ്റ്റേഷനുകളെ ഇന്നും 200 വര്‍ഷക്കാലം നമ്മെ കോളനിയാക്കി വച്ച് ബ്രിട്ടീഷുകാര്‍ കാഷ്ടിച്ചു പോയ അതേ രീതികളിലാണ് ഭരിക്കുന്നത്. അന്നു പിടിക്കപ്പെട്ട് സ്റ്റേഷനിലെത്തുന്നവര്‍ സ്വന്തം ദേശത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവരായിരുന്നു ബ്രിട്ടീഷ് പൊലിസുകാരെ സംബന്ധിച്ചിടത്തോളം അവരുടെ ശത്രുക്കള്‍. ഇന്നു കുറ്റാരോപണങ്ങളാലും മറ്റും പിടികൂടി സ്റ്റേഷനിലെത്തുന്നവരുടെ നികുതിപ്പണത്തില്‍ നിന്നാണ് ഞാനും കുടുംബവും പുലരുന്നതെന്ന ചിന്ത പോലും ഈ 'ബ്രിട്ടീഷ് ഹാങ് ഓവറി'ലായ പൊലിസുകാര്‍ക്ക് ഇല്ലാതെ പോയിട്ടുണ്ട്.
ഒരുനാള്‍ സ്റ്റേഷന് ലോക്കപ്പില്‍ കഴിയേണ്ടി വന്ന അനുഭവം വച്ച്, പൊലിസായതിലെ അവരുടെ ജന്മനിയോഗത്തോടുള്ള ഈര്‍ഷ്യത മുഴുവനും അവര്‍ തീര്‍ക്കുന്നത് സ്റ്റേഷനില്‍ എത്തുന്നവരോടാണെന്നു പോലും ഈ വിനീതനു തോന്നിപ്പോയിട്ടുണ്ട്. പൊലിസ് എന്ന വാക്ക് ഗ്രീക്ക് ഭാഷയില്‍ നിന്നുരുത്തിരിഞ്ഞു വന്നതാണെങ്കിലും അതിലെ ഓരോ അക്ഷരങ്ങളും എടുത്ത് 'പൊളൈറ്റ്', 'ഒബീഡിയെന്റ്' എന്നിങ്ങനെ പൂരിപ്പിക്കാറുണ്ട്. എനിക്ക് തോന്നിയത് 'പി' ഫോര്‍ 'പൊല്യൂട്ട്' എന്നു തുടങ്ങണമെന്നാണ്.
ഇതു മാന്യന്മാരായ പൊലിസുകാരെ പറ്റിയല്ല, അവര്‍ ക്ഷമിക്കട്ടെ. ഒരുപക്ഷേ ലോകത്തു തന്നെ ഏറ്റവും മോശമായ പൊലിസുകാരുള്ളത് ഇന്ത്യയിലായിരിക്കുമെന്ന് അനുഭവം പറയുന്നു. 'പൊലിസ് ഗുണ്ടാരാജ്' എന്ന കുറിപ്പില്‍ ഒരു തെറ്റ് കടന്നു കൂടിയിട്ടുണ്ട്. ജുഡിഷ്യല്‍ മജിസ്ട്രേറ്റായിരുന്ന വി.കെ ഉണ്ണികൃഷ്ണനെ മര്‍ദിച്ചത് കാസര്‍കോട്ടെ ടൗണ്‍ എസ്.ഐ ആയിരുന്നില്ല. അത് സുള്ള്യ സ്റ്റേഷനിലും അവിടത്തെ എസ്.ഐയും ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."