ത്രില്ലര്‍ പോരില്‍ സമനില പിടിച്ച് വടക്കുകിഴക്കന്മാര് ചെന്നൈയിന് എഫ്.സി 3-3 നോര്‍ത്ത്ഈസ്റ്റ്
ചെന്നൈ: കിട്ടിയ ഓരോ അടിക്കും തിരിച്ചടി നല്കി നിലവിലെ ചാംപ്യന്മാരായ ചെന്നൈയിന് എഫ്.സിയെ സമനിലയില്‍ പിടിച്ച് നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് ഐ.എസ്.എല്ലിലെ സെമി പ്രതീക്ഷകള്‍ കാത്തു. ആറു ഗോളുകള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ചെന്നൈയിന് മൂന്നു തവണ നേടിയ ലീഡിനേയും തിരിച്ചടിയിലൂടെ മറികടന്നാണ് വടക്കുകിഴക്കാന്മാര് 3-3നു സമനില പിടിച്ചത്.
നൗജീരിയന് താരം ഡുഡുവിന്റെ ഹാട്രിക്കിന്റെ ബലത്തിലാണ് ചെന്നൈയിന് മുന്നേറിയതെങ്കില്‍ നിക്കോളാസ് വെലസിന്റെ ഇരട്ട ഗോളുകളും സൗവിക് ഘോഷ് നേടിയ ഒരു ഗോളുമായാണ് നോര്‍ത്ത്ഈസ്റ്റ് മറുപടി നല്‍കിയത്. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഗോള്‍ മഴയില്‍ കുതിര്‍ന്നപ്പോള്‍ മത്സരം നാടകീയതയും ആവേശവും നിറച്ചു. കളിയിലെ ആവേശം കാര്യമായപ്പോള്‍ അവസാന നിമിഷങ്ങളില്‍ ഇരു ടീമിലേയും താരങ്ങള്‍ കൈയ്യാങ്കളിക്കും മുതിര്‍ന്നു.
കളി തുടങ്ങി 34ാം മിനുട്ടില്‍ ഡുഡുവിലൂടെ ചെന്നൈയിനാണ് ലീഡെടുത്തത്. മെഹ്റാജുദ്ദീന് വാഡുവിന്റെ ക്രോസിനു കാല് വച്ചാണ് ഡുഡു വല കുലുക്കിയത്. ചെന്നൈയിന്റെ ലീഡിന് നാലു മിനുട്ട് മാത്രമേ ആയുസുണ്ടായിരുന്നുള്ളു. ലോങ് റേഞ്ചിലൂടെ നിക്കോളാസ് വെലസ് നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു. 45ാം മിനുട്ടില്‍ ലാല്‍റിന്‍സുലയുടെ ക്രോസില്‍ നിന്നു ഡുഡു തന്റെ രണ്ടാം ഗോളിലൂടെ ചെന്നൈയിനെ വീണ്ടും മുന്നിലെത്തിച്ചു.
രണ്ടാം പകുതി തുടങ്ങി 51ാം മിനുട്ടില്‍ തന്നെ വടക്കുകിഴക്കന്മാരുടെ മറുപടി വെലസിലൂടെ. ചെന്നൈയിന് ഗോളി കരന്‍ജിത് സിങിന്റെ പിഴവ് മുതലെടുത്തായിരുന്നു ഈ ഗോള്‍. 81 ാം മിനുട്ടില്‍ ഡുഡു ഹാട്രിക്ക് തികച്ച് ചെന്നൈയിനെ വീണ്ടും മുന്നില്‍ കടത്തി. ബെര്‍നാര്‍ഡ് മെന്‍ഡിയുടെ ക്രോസില്‍ നിന്നായിരുന്നു മൂന്നാം ഗോളിന്റെ പിറവി. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. ചെന്നൈയിന് വിജയം ഉറപ്പിച്ചു മുന്നേറി. എന്നാല്‍ അവസാന നിമിഷം ലഭിച്ച കോര്‍ണര്‍ കിക്ക് നോര്‍ത്ത്ഈസ്റ്റ് മുതലാക്കി. ഇരട്ട ഗോള്‍ നേടിയ വെലസ് എടുത്ത കിക്ക് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സൗവിക് ഘോഷ് വലയിലാക്കി. സമനില നോര്‍ത്ത്ഈസ്റ്റിന്റെ സെമി പ്രതീക്ഷ കാത്തെങ്കില്‍ ചെന്നൈയിന്റെ നേരിയ പ്രതീക്ഷകള്‍ അവസാനിപ്പിക്കുകയാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."