ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെന്ന നിലയില്‍
മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യന്‍ വരുതിയില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്കിന്റെ തീരുമാനം തെറ്റിയതായി ഇന്ത്യന്‍ ബൗളര്‍മാര്‍ ബോധ്യപ്പെടുത്തി. രണ്ടു ദിവസം കഴിഞ്ഞാല്‍ സ്വഭാവം മാറുന്ന പിച്ചില്‍ ആദ്യം ബാറ്റു ചെയ്ത് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ബൗളിങിലൂടെ വരും ദിവസങ്ങളില്‍ സമ്മര്‍ദമുയര്‍ത്താമെന്ന ഇംഗ്ലീഷ് തന്ത്രം ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ പാളി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെന്ന നിലയിലാണ്. നാലു റണ്‍സുമായി ആദില്‍ റാഷിദും റണ്‍സൊന്നുമെടുക്കാതെ ഗരെത് ബറ്റിയുമാണ് ക്രീസില്‍.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ അവസരത്തിനൊത്തു ഉയര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ ആടിയുലഞ്ഞു. പിന്നീട് അഞ്ചാമനായി ക്രീസിലെത്തിയ ജോണി ബയര്‍സ്റ്റോ അര്‍ധ സെഞ്ച്വറി (89) നേടി ഇംഗ്ലണ്ട് ഇന്നിങ്‌സിനെ നേരെയാക്കുകയായിരുന്നു. ജോസ് ബട്‌ലര്‍ 43 റണ്‍സെടുത്തു ബയര്‍സ്റ്റോയ്ക്ക് പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നാണ് ഒരു ഘട്ടത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന നിലയില്‍ പതറിയ ഇംഗ്ലീഷുകാരെ കരകയറ്റിയത്. ബെന്‍ സ്റ്റോക്‌സ് (29), അലിസ്റ്റര്‍ കുക്ക് (27), ക്രിസ് വോക്‌സ് (25) എന്നിവര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ദീര്‍ഘ നേരം പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. ജോ റൂട്ട് (15), മോയിന്‍ അലി (16) എന്നിവരും രണ്ടക്കം കടന്നു.
സ്പിന്നിനും പേസിനും അകമഴിഞ്ഞു പിന്തുണ കിട്ടിയപ്പോള്‍ ഇന്ത്യക്കായി പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് കിട്ടി. ജയന്ത് യാദവ്, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും പിഴുതു.
രണ്ടാം ടെസ്റ്റില്‍ ഗംഭീറിനു പകരം ടീമിലെത്തി രണ്ടിന്നിങ്‌സിലും പരാജയപ്പെട്ട ഓപണര്‍ കെ.എല്‍ രാഹുലിനു മൂന്നാം ടെസ്റ്റില്‍ ഇടം കിട്ടിയില്ല. പകരം മലയാളിയായ കരുണ്‍ നായര്‍ക്ക് അരങ്ങേറ്റ ടെസ്റ്റിനു അവസരം ലഭിച്ചു. രാഹുലിനു പകരം ഓപണിങില്‍ വിജയിയ്‌ക്കൊപ്പം പാര്‍ഥിവ് പട്ടേല്‍ ഇറാങ്ങാന്‍ സാധ്യത കാണുന്നു. വൃദ്ധിമാന്‍ സാഹയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്നാണ് എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പാര്‍ഥിവ് ടീമിലെത്തിയത്.
രണ്ടാം ടെസ്റ്റില്‍ തോല്‍വിയേറ്റു വാങ്ങിയ ഇംഗ്ലീഷ് ടീമിനു പരമ്പരയിലേക്കു തിരിച്ചുവരണമെങ്കില്‍ വിജയം അനിവാര്യമാണ്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."