പരാജയം അന്വേഷിക്കാനൊരുങ്ങി സി.പി.എം.
ആലുവ : ജില്ലയിലെ കളമശ്ശേരി, ആലുവ നിയോജക മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനുണ്ടായ കനത്ത പരാജയം സി.പി.എമ്മിന് കനത്ത ആഘാതമായതോടെ പരാജയത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് സി.പി.എം. രണ്ടിടത്തും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഏറെ വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും, രണ്ടിടത്തും പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതാണ് ഒരു പുനര്‍ചിന്തയ്ക്ക് സി.പി.എം. തീരുമാനമെടുക്കുന്നത്. ആലുവയില്‍ പിണറായിയുടെ വിശ്വസ്തനും, ഏരിയാ സെക്രട്ടറിയുമായ അഡ്വ. വി. സലീമിനെ തന്നെ രംഗത്തിറക്കിയാണ് പയറ്റിയതെങ്കിലും, കഴിഞ്ഞ തവണത്തേക്കാള്‍ അധികം ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ്. വിജയിച്ചത്. യു.ഡി.എഫ് കേന്ദ്രങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമായിരുന്നു രണ്ടിടത്തും യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത്. മണ്ഡലങ്ങളിലെ ഒരു പഞ്ചായത്തുകളിലും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ശോഭിക്കാനായില്ല. കളമശ്ശേരിയില്‍ നിന്നും വ്യത്യസ്ഥമായി ആലുവയില്‍ 30 വര്‍ഷത്തിന് ശേഷം സി.പി.എം മെഷിനറി മുഴുവന്‍ ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നിട്ടും ഫലം പരാജയമായത് സി.പി.എമ്മിനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. സി.പി.എമ്മിലെ ഗ്രൂപ്പ് സമവാക്യങ്ങളൊന്നും കാര്യമായി ഈ തെരെഞ്ഞെടുപ്പില്‍ സ്വാധീനിച്ചിട്ടില്ലെന്നതിന്റെ തെളിവായിരുന്നു വി.എസ് പക്ഷത്തിന്റെ മേഖലകളില്‍ വി സലീമിന് മേല്‍ക്കൈ നേടാനായത്.കളമശ്ശേരിയിലാകട്ടെ, സി.പി.എം മെഷിനറി ഒരു ശതമാനം പ്രവര്‍ത്തിച്ചില്ലെന്നത് തന്നെയാണ് സ്ഥാനാര്‍ഥിക്ക് വിനയായത്. എം.എം യൂസഫിന്റെ വ്യക്തിപ്രഭാവം കൊണ്ടാണ് എതിര്‍ സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷമെങ്കിലും കുറയ്ക്കാനായത്. കുന്നുകര, ആലങ്ങാട്, കരുമാല്ലൂര്‍ തുടങ്ങിയ മുഴുവന്‍ പഞ്ചായത്തുകളിലും പാര്‍ട്ടി സമാഹരിച്ച വോട്ടുകള്‍ക്കിരട്ടിയായി, യൂസഫിന് വ്യക്തിഗത വോട്ടുകള്‍ ലഭിച്ചതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സി.പി.എം. നേതാക്കള്‍ തന്നെ പാര്‍ട്ടി വോട്ടുകള്‍ മറിച്ചുവെന്ന ആരോപണവും ശരിവയ്ക്കുന്നതാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പരാജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."