പണ പ്രതിസന്ധി; നിത്യജീവിതം കഴിച്ചുകൂട്ടാന്‍ യു.പിയില്‍ കൂട്ട വന്ധ്യംകരണം
ആഗ്ര/അലിഖഡ്: മുപ്പത്തഞ്ചുകാരനായ പൂരണ്‍ ശര്‍മ എന്ന ആഗ്രക്കാരന്‍ കഴിഞ്ഞദിവസം ആശുപത്രിയിലെത്തി വന്ധ്യംകരണം ചെയ്തു. അതിന്റെ പ്രത്യാഘാതവും വരുംവരായ്കകള്‍ അറിഞ്ഞൊന്നുമല്ല, നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷണമുണ്ടാക്കാന്‍ പണമില്ലാത്തതിനാലാണിത്. മടങ്ങുമ്പോള്‍ അദ്ദേഹത്തിന് 2000 രൂപയും ലഭിച്ചു!. അദ്ദേഹത്തിന്റെ ഭാര്യ വികലാംഗ ആയതിനാല്‍ ഈ ആനുകൂല്യം ലഭിച്ചില്ല. അല്ലെങ്കില്‍ വന്ധ്യംകരിക്കുന്ന സ്ത്രീകള്‍ക്ക് 1400 രൂപ ലഭിക്കും. സര്‍ക്കാരിന്റെ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമാണിത്.
ശര്‍മയുടെ മാത്രം അനുഭവമല്ല ഇതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പണപ്രതിസന്ധി വന്നതോടെ കൂട്ടത്തോടെ ആളുകള്‍ വന്ധ്യംകരണത്തിന് തയ്യാറായി ആശുപത്രികളില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എല്ലാവരും വരുന്നത് ആനുകൂല്യം പറ്റി ഭക്ഷിക്കാനാണ്.
അലിഗഡ് ജില്ലയില്‍ വന്ധ്യംകരണം ചെയ്തവരുടെ എണ്ണം കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഇരട്ടിയായി. കഴിഞ്ഞമാസം ഇത് 92 ആയിരുന്നെങ്കില്‍ ഈ മാസം അത് 176 ല്‍ എത്തിനില്‍ക്കുന്നു. ഈ മാസം 26 വരെയുള്ള കണക്കാണിത്. ആഗ്രയിലും ഇരട്ടി വര്‍ധനയുണ്ടായി. കഴിഞ്ഞമാസം 450 പേരായിരുന്നെങ്കില്‍ ഈ മാസം 904 സ്ത്രീകളും 9 പുരുഷന്മാരും വന്ധ്യംകരിച്ചു.
അതേസമയം, ആരോഗ്യവകുപ്പ് പറയുന്നത് തങ്ങളുടെ ബോധവല്‍ക്കരണം ഫലം കണ്ടെന്നാണ്. എന്നാല്‍ തനിക്ക് അങ്ങനൊരു ബോധവല്‍ക്കരണമൊന്നും ലഭിച്ചിട്ടില്ലെന്നും പണത്തിനു വേണ്ടി വന്നതാണെന്നും വന്ധ്യംകരണത്തിനെത്തിയ ശര്‍മ്മ പറയുന്നു.
''ഞങ്ങള്‍ രണ്ടുപേരും വന്ധ്യംകരിക്കാന്‍ വേണ്ടിയാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ഭാര്യയുടെ ശാരീരിക പ്രശ്‌നങ്ങള്‍ കാരണം അധികൃതര്‍ വിസമ്മതിച്ചു. അതുകൊണ്ട് ഞാന്‍ വന്ധ്യംകരണം ചെയ്തു. കുറച്ച് ദിവസമെങ്കിലും ഈ പണം കൊണ്ട് കുടുംബത്തെ തീറ്റിക്കാനാവുമെല്ലോ. തനിക്കിപ്പോള്‍ പണം ലഭിക്കാന്‍ പോവുകയാണ്''- ശര്‍മ്മ സങ്കടത്തോടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."