കാര്യക്ഷമത തെളിയിച്ച് ദുരന്തനിവാരണ വിഭാഗത്തിന്റെ മോക്ഡ്രില്‍
കോഴിക്കോട്: പതങ്കയത്ത് കുത്തൊഴുക്കില്‍പ്പെട്ട നാല് യുവാക്കളുടെ ജീവന്‍ രക്ഷിച്ച് ജില്ലയിലെ ദുരന്തനിവാരണ വിഭാഗം ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമത തെളിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.10നാണ് ദുരന്ത വാര്‍ത്ത കലക്ടറേറ്റില്‍ അറിയുന്നത്.
നാല് യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി എന്നായിരുന്നു സന്ദേശം. ഉടന്‍ ജില്ലയിലെ ദുരന്തനിവാരണ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി കലക്ടറേറ്റില്‍ പൊലിസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം, റവന്യു വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. മുക്കം ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. മുങ്ങല്‍ വിദഗ്ധര്‍ 12.27ന് ആദ്യത്തെ ആളെ രക്ഷപ്പെടുത്തി. 12.31ഓടെ മറ്റ് മൂന്നു പേരെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഇതിനിടയിലാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഒരാള്‍ ഒഴുക്കില്‍പ്പെടുന്നത്. ഏറെ തിരച്ചിലിനൊടുവില്‍ ഇയാളെ കണ്ടെത്തുമ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.
വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണങ്ങള്‍ സംബന്ധിച്ചു സംഘടിപ്പിച്ച മോക്ഡ്രില്ലാണെന്ന് അറിഞ്ഞും അറിയാതെയും ഒട്ടേറെ പേര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. ദുരന്തമുണ്ടാകുമ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട വിവിധ വകുപ്പുകളുടെ കൃത്യനിര്‍വഹണശേഷി ഉറപ്പാക്കാനും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനുമാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ഫയര്‍ ഫോഴ്‌സ് അഡിഷണല്‍ ഡിവിഷണല്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍, ഡെപ്യൂട്ടി കലക്ടര്‍ കെ. സുബ്രഹ്മണ്യന്‍, അഡിഷണല്‍ തഹസില്‍ദാര്‍ പി.എം ഉദയകുമാര്‍, ഹസാഡ് അനലിസ്റ്റ് പി. അശ്വതി, തിരുവമ്പാടി വില്ലേജ് ഓഫിസര്‍ കെ. കല്‍പ്പകവല്ലി, ജൂനിയര്‍ സൂപ്രണ്ട് എ. സിസി എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. തിരവമ്പാടി ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരും കോടഞ്ചേരി ഗവ. കോളജ് വിദ്യാര്‍ഥികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."