കൊടിഞ്ഞി പ്രക്ഷോഭത്തിലേക്ക്
തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുല്ലാണി ഫൈസല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റ് വൈകുന്നു. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ഉയരുകയാണ്. പ്രതികളെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്ന പൊലിസിന്റെ ഉറപ്പ് ലംഘിക്കപ്പെട്ടു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചു നാട്ടിലെ എല്ലാ രാഷ്ട്രീയ, സാമുദായിക സംഘടനകളും ഇന്നലെ കടുവാളൂര്‍ മദ്‌റസയില്‍ യോഗംചേര്‍ന്നു.
യഥാര്‍ഥ പ്രതികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കുന്നതുവരെ ഏതറ്റംവരെയും പോകാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ കാണും. സംഭവത്തില്‍ രണ്ടുപേരെക്കൂടി ഇന്നലെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫൈസലിന്റെ സഹോദരി ഭര്‍ത്താവും അമ്മാവന്റെ മകനുമായ വിനോദടക്കം നിലവില്‍ പത്തിലേറെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്.
ഇവരാണത്രെ ഫൈസലിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതും അതിനായി യോഗം ചേര്‍ന്നതും. മതംമാറിയശേഷം ഫൈസലിനെ ഇതില്‍നിന്നു പിന്തിരിപ്പിക്കാനാകാത്തതും ഭാര്യയും മക്കളും ഇസ്‌ലാംമതം സ്വീകരിക്കുകയും ചെയ്തതാണ് കൊലപാതക കാരണം. പന്ത്രണ്ടു പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.
കൃത്യം നടത്തിയ രണ്ടുപേരെയാണ് ഇനി പിടികൂടാനുള്ളത്. അന്വേഷണം തീവ്രഹിന്ദു സംഘടനയിലെത്തിയതോടെ ബി.ജെ.പിയുടെ മുഖം രക്ഷിക്കാന്‍ അന്വേഷണം ക്വട്ടേഷന്‍ ടീമിലേക്കു ഗതിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നതായും അക്ഷേപമുണ്ട്. സംഭവത്തിനുശേഷം നിത്യേന ബി.ജെ.പി, ആര്‍.എസ്.എസ് ഉന്നത നേതാക്കളടക്കം പൊലിസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുള്ളവരെ സന്ദര്‍ശിക്കുന്നുണ്ട്. സംഭവം കുടുംബപ്രശ്‌നമായും ക്രിസ്ത്യന്‍ വിഭാഗത്തിലേക്കു തിരിച്ചുവിടാനും ആസൂത്രിത നീക്കം നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്.
അപരിചിതരെ കണ്ടതില്‍ ആശങ്ക
തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിനെ ഖബറടക്കിയ പരിസരത്ത് അസമയത്ത് അപരിചിതരെ കണ്ടെത്തിയത് ആശങ്ക പരത്തി. കൊടിഞ്ഞി പള്ളി പരിസരത്താണ് വെള്ളിയാഴ്ച രാത്രി അജ്ഞാതരെ കണ്ടെത്തിയത്. ഖബര്‍സ്ഥാനിലും പരിസരത്തും ചുറ്റിപ്പറ്റി നിന്നവരെ പള്ളിയിലെ ദര്‍സ് വിദ്യാര്‍ഥികളാണ് ആദ്യം കണ്ടത്. ഉടനെ നാട്ടുകാരെ അറിയിച്ചെങ്കിലും മൂന്നു പേരടങ്ങുന്ന സംഘം കാറില്‍ കയറി രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പൊലിസ് സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."