ചിതറിയോടിയവര്‍ വനത്തില്‍നിന്ന് രക്ഷപ്പെട്ടെന്ന് നിഗമനം
നിലമ്പൂര്‍: പൊലിസ് വെടിവയ്പിനെ തുടര്‍ന്ന് ഉള്‍വനത്തിലൂടെ ചിതറിയോടിയ മാവോയിസ്റ്റ് സംഘം നിലമ്പൂര്‍ വനമേഖലയില്‍ ക്യാംപ് ചെയ്യാനുള്ള സാധ്യത കുറവാണെന്നു പൊലിസ്. വെടിവയ്പിനു ശേഷം രണ്ടു ദിവസം കൂടുതല്‍ വനപ്രദേശങ്ങളില്‍ പൊലിസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. മാവോയിസ്റ്റ് സംഘത്തിലെ മറ്റാര്‍ക്കെങ്കിലും വെടിവയ്പില്‍ പരുക്കേറ്റിട്ടുണ്ടോയെന്നു കണ്ടെത്താനായിട്ടില്ലെന്നും പൊലിസ് പറയുന്നു.
പൊലിസില്‍ ആര്‍ക്കും വെടിയേറ്റിട്ടില്ല. നൂറോളം റൗണ്ട് വെടിവച്ചിട്ടുണ്ട്. മാവോയിസ്റ്റുകള്‍ ക്യാംപ് ചെയ്യാന്‍ സാധ്യതയില്ലെങ്കിലും വനത്തിനുള്ളില്‍ തണ്ടര്‍ബോള്‍ട്ട്-പൊലിസ് സംഘം തിരച്ചില്‍ നടത്തുന്നുണ്ട്. രണ്ടുപേര്‍ മരിക്കാനിടയായതോടെ പ്രത്യാക്രമണമുണ്ടാകാനുള്ള സാധ്യതയും പൊലിസ് തള്ളിക്കളയുന്നില്ല. അതിനാല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
രക്ഷപ്പെട്ടവര്‍ ആദിവാസി കോളനികളില്‍ അഭയംതേടാനുള്ള സാധ്യതയും ഗൗരവത്തിലെടുത്തിട്ടുണ്ട്. ഉള്‍വനത്തില്‍ പ്രത്യേകം കാട്ടുപാതകളിലൂടെയാണ് ഇവരുടെ സഞ്ചാരം. വനപാലകരോ ആദിവാസികളോ സഞ്ചരിക്കുന്ന വഴികളല്ലാത്ത പുതിയ പാതയിലൂടെയാണ് ഇവര്‍ സഞ്ചരിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കു കാട്ടുപാതയിലൂടെ എത്തിപ്പെടാനാകുമെന്നതിനാലാണ് നിലമ്പൂര്‍ വനമേഖല മാവോയിസ്റ്റ് സംഘം ഒളിത്താവളമായി തിരഞ്ഞെടുക്കാന്‍ കാരണം. വനത്തിലെ ആദിവാസി കോളനി നിവാസികളുമായി നല്ല സൗഹൃദവും ഇവര്‍ വച്ചുപുലര്‍ത്തിയിരുന്നു.
വിവിധ ഭാഷകളിലുള്ള ദിനപത്രങ്ങളും ഇവര്‍ താമസിക്കുന്ന ഷെഡില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്.
കാടും കാടിനുമേലുള്ള ആദിവാസികളുടെ അധികാരങ്ങളും അവകാശങ്ങളും കവര്‍ന്നെടുത്ത വനംവകുപ്പിനെ വിരട്ടിയോടിക്കാം, പശ്ചിമഘട്ടത്തില്‍ വെള്ളത്തിനും മണ്ണിനും കാടിനുമേല്‍ ജനകീയ അധികാരം സ്ഥാപിക്കാം, നമ്മുക്ക് നിര്‍ണയിക്കാം നമ്മുടെ തലവിധി, ജനകീയ വിമോചന ഗറില്ലാ സേനയില്‍ അണിനിരക്കുക എന്ന് ആഹ്വാനം ചെയ്യുന്ന കുറിപ്പുകളും മാവോയിസ്റ്റ് ഷെഡില്‍നിന്നു പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ചിതറി ഓടിയവര്‍ തമിഴ്‌നാടിലേക്കും കര്‍ണാടകത്തിലേക്കും കടക്കാനുള്ള സാധ്യതമുന്നില്‍കണ്ട് അവിടേയും പട്രോളിങ് ശക്തമാക്കിയതായും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."