മഴ: രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും
കൊച്ചി: കനത്ത ചൂടിന് അറുതിവരുത്തി മഴയെത്തിയതോടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വേഗം കൂട്ടി. സൂര്യാഘാതത്തെയും കൊടുംചൂടിനെയും ഇനി ഭയക്കേണ്ടതില്ലെങ്കിലും മഴയെത്തുന്നതോടെ കടന്നുവരുന്ന ഡെങ്കിപനിയും മറ്റ് സാംക്രമിക രോഗങ്ങളെയും കണ്ടില്ലെന്നു നടിക്കാനും കഴിയില്ല. മഴയൊന്നു പെയ്താല്‍ കുളമാകുന്ന റോഡുകള്‍ കൊതുകളുടെയും മറ്റ് പകര്‍ച്ചവ്യാധികളുടെയും താവളമാകുകയാണ്. കനത്തമഴയില്‍ ഒഴുകിയെത്തുന്ന മലിനജലത്തില്‍ ചവിട്ടിയാണ് കാല്‍നടയാത്രക്കാര്‍ക്ക് മറുക്കരപറ്റാന്‍. ഇത് നഗരവാസികള്‍ക്ക്് ദുരിതമാകും.
മഴക്കാലം മുന്നില്‍ക്കണ്ട് പട്ടണത്തിലെ മുഴുവന്‍ കാനകളും വ്യത്തിയാക്കിയെന്നാണ് നഗരസഭാധികൃതര്‍ അവകാശപ്പെടുന്നത്. ജില്ലയില്‍ ഡെങ്കിപനി മാത്രമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. എന്നാല്‍ പകര്‍ച്ചവ്യാധി ഭീഷണി നേരിടാനുളള മുഴുവന്‍ സംവിധാനങ്ങളും ഒരുക്കിയതായി നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. വി.കെ മിനിമോള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തിരക്കില്‍ നിലച്ചുപ്പോയ മെഡിക്കല്‍ ക്യാംപുകള്‍ ഉടന്‍ പുനഃരാരംഭിക്കും. ഡ്രൈഡേ ആചരണവും വീടുകള്‍തോറുമുളള ബോധവല്‍ക്കരണവും സംഘടിപ്പിക്കും. കൊതുക് നശീകരണത്തിനുളള പുതിയ മരുന്ന് അധികൃതരുമായുളള ചര്‍ച്ചയ്ക്കുശേഷം ഉപയോഗിച്ചു തുടങ്ങും.
ജില്ലയിലെ കോതമംഗലത്തും പരിസര പ്രദേശങ്ങളിലും ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി സാധ്യതയുളള കുട്ടമ്പുഴ, നേര്യമംഗലം, നെല്ലിമറ്റം, കടവൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേശ് ജില്ലയില്‍ സന്ദര്‍ശനം നടത്തി. ജില്ല മെഡിക്കല്‍ ഓഫിസില്‍ ആരോഗ്യ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അടിയന്തിരമായി യോഗം ചേരുവാന്‍ നിര്‍ദേശം നല്‍കി.
രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ 24 മണിക്കൂറിനകം ഫോഗ്ഗിംഗ്, കൊതുക് കൂത്താടി, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിന് നിര്‍ദേശിച്ചു. വാര്‍ഡ് തല ആരോഗ്യ ശുചിത്വ സമിതികള്‍ ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന് ഓരോ പ്രദേശത്തും കൊതുക് കൂത്താടി നിയന്ത്ര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും നിര്‍ദേശിച്ചു. സംസ്ഥാന പൊതുജനാരോഗ്യ വിദഗ്ധന്മാരയ ഡോ. എ. സുകുമാരന്‍, ഡോ. ഉമ്മര്‍ ഫരൂഖ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."