ഏറ്റുമുട്ടല്‍ കെട്ടുകഥയെന്ന് വിമര്‍ശനം സര്‍ക്കാരിനെതിരേ
സി.പി.ഐ മുഖപത്രംതിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ രണ്ടു മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗം. ഏറ്റമുട്ടല്‍ കെട്ടുകഥയെന്ന് മുഖപ്രസംഗത്തിലൂടെ തുറന്നടിച്ച ജനയുഗം നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ഏറ്റുമുട്ടല്‍ നടന്നതിന്റെ ലക്ഷണങ്ങളില്ലെന്ന് ജനയുഗം വിശദീകരിക്കുന്നു. പൊലിസുകാര്‍ക്ക് പരുക്കേല്‍ക്കാത്തത് സംശയം ജനിപ്പിക്കുന്നു.
മൃതദേഹങ്ങളുടെ ചിത്രങ്ങളില്‍ ഒട്ടേറെ വെടിയുണ്ടകള്‍ ഏറ്റതായും കാണുന്നില്ല. മാത്രമല്ല പുതുതായി മാവോയിസ്റ്റ് യൂണിഫോം ധരിച്ചതുപോലെയാണ് തോന്നുന്നത്. ഇത് പൊലിസ് ഭാഷ്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും ജനയുഗം വ്യക്തമാക്കുന്നു.
ഏറ്റുമുട്ടല്‍ ഉണ്ടാകുമ്പോള്‍ സ്വയരക്ഷക്കാണ് പൊലിസ് സാധാരണ വെടിവയ്ക്കുന്നത് എന്നിരിക്കെ നിയമങ്ങളൊന്നും പാലിക്കാതെയാണ് പൊലിസ് മാവോയിസ്റ്റുകള്‍ക്ക് നേരെ പ്രകോപനമില്ലാതെ വെടിവച്ചതെന്ന ആക്ഷേപം ശക്തമാകുകയാണ്.
ഏറ്റുമുട്ടല്‍ നടന്നിടത്തുവച്ചാണോ വെടിവയ്പ്പുണ്ടായതെന്നതിനെക്കുറിച്ചും അവ്യക്തത തുടരുകയാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. നക്‌സല്‍ വര്‍ഗീസിന്റെ വധവും തുടര്‍ സംഭവങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ജനയുഗം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
വര്‍ഗീസിനെ പൊലിസ് പിടികൂടി കസ്റ്റഡിയില്‍ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്ഥിരീകരിക്കപ്പെട്ടത്.
മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് നീതിപൂര്‍വമായ പരിഹാരം കാണുന്നതിന് പകരം അത്തരക്കാരെ നിശബ്ദരാക്കാനും ഉന്മൂലനം ചെയ്യാനും ഭരണകൂടത്തിന്റെ അറിവോടും ഒത്താശയോടും നടക്കുന്ന ശ്രമങ്ങള്‍ അത്യന്തം അപലപനീയമാണെന്നു വ്യക്തമാക്കുന്ന ജനയുഗം കാടന്‍ നിയമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്നും സര്‍ക്കാരിനെ ഓര്‍മപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."