നീലേശ്വരം ആഴ്ച ചന്തയ്ക്ക് അകാലചരമം
നീലേശ്വരം: നീലേശ്വരം നഗരസഭയുടെ അഭിമാന പദ്ധതിയായ ആഴ്ച ചന്തയ്ക്കു അകാലചരമം. ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ ആഴ്ച ചന്തയ്ക്കാണു ഈ ദുര്‍ഗതി. വര്‍ഷങ്ങളായി ഊര്‍ദ്ധശ്വാസം വലിച്ചുകൊണ്ടിരുന്ന കച്ചേരിക്കടവിലെ ആഴ്ച ചന്ത പുനരുജ്ജീവിപ്പിക്കാന്‍ നഗരസഭ പ്രത്യേക പദ്ധതി തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണു ആഴ്ച ചന്ത പുനരാരംഭിച്ചത്.
ഓണത്തോടനുബന്ധിച്ചു മന്ത്രി കെ.ടി ജലീലാണു ആഴ്ച ചന്ത ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നു ജനങ്ങള്‍ക്കു കൂടുതല്‍ സൗകര്യപ്രദമാകുന്ന രീതിയില്‍ മാര്‍ക്കറ്റ് ജങ്ഷനിലേക്കു മാറ്റുകയായിരുന്നു. തുടക്കത്തില്‍ കുടുംബശ്രീ സി.ഡി.എസിനായിരുന്നു ഇതിന്റെ ചുമതലയെങ്കിലും പിന്നീട് അവര്‍ അതില്‍ നിന്നു പിന്‍മാറി.
കഴിഞ്ഞ ആഴ്ചകളില്‍ ഇവിടെ ചില വനിതകള്‍ പച്ചക്കറി വില്‍പന നടത്തിയിരുന്നെങ്കിലും ഈയാഴ്ച അതും നിന്നു. ആഴ്ച ചന്തയുടെ മുന്നോടിയായി ലക്ഷങ്ങള്‍ ചെലവഴിച്ചു ജൈവോത്സവവും സംഘടിപ്പിച്ചിരുന്നു.
ജൈവനഗരിയിലായിരുന്നു ജൈവോത്സവം സംഘടിപ്പിച്ചിരുന്നത്. ഇവിടെ ജൈവോദ്യാനവും ഒരുക്കിയിരുന്നു. എന്നാല്‍ ഇന്നു പരിപാലനമില്ലാതെ ജൈവോദ്യാനം കാടുമൂടിക്കിടക്കുകയാണ്. ഇവിടെ വാഴകള്‍ നട്ടിരുന്നെങ്കിലും അവയില്‍ പലതും നശിച്ചു കഴിഞ്ഞു. നഗരത്തിന്റെ തന്നെ മുഖച്ഛായ മാറുമായിരുന്ന ഒരു പദ്ധതിയാണു ദീര്‍ഘവീക്ഷണമില്ലായ്മയുടെ ഭാഗമായി ഇപ്പോള്‍ അകാലചരമം പ്രാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."