മത്സരവേദികള്‍ ഒഴിഞ്ഞു: കാണാനെത്തിയവര്‍ നിരാശരായി
ഷൊര്‍ണൂര്‍: കണക്കിലെ കളികളില്ലാത്ത മാര്‍ക്കില്ലാത്ത മത്സരത്തിന് നേരമില്ലാത്ത വിദ്യാര്‍ത്ഥികള്‍ പലരും സ്ഥലം വിട്ടശേഷം നടത്തിയ പ്രദര്‍ശന മേളയാണ് ബാധ്യതയായത്. പവൃത്തിപരിചയമേള ഉത്പന്നങ്ങളുടെ റവന്യൂജില്ലാതല മത്സരത്തിന് പകിട്ടുകുറഞ്ഞു. തങ്ങളുടെ കഴിവും അധ്വാനവും ചിലവഴിച്ച് ഉണ്ടാക്കിയെടുത്ത വിസ്മയ മുഹൂര്‍ത്തങ്ങളുടെ ചിതറിയ കാഴ്ചകള്‍മാത്രം ചില ക്ലാസ്മുറികളില്‍ കണ്ടു. അതായിരുന്നു റവന്യൂജില്ലാതല പ്രദര്‍ശനമേള.
പ്രവൃത്തിപരിചയമേളയിലെ തത്സമയ മത്സരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ ഉത്പന്നങ്ങളാണ് അതാത് ജില്ലക്കാര്‍ പ്രദര്‍ശിപ്പിക്കുക. അതേസമയം ഈ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്താല്‍ കുട്ടികള്‍ക്കോ സ്‌കൂളിനോ മാര്‍ക്കില്ല, ജില്ലയ്ക്കാണ് മാര്‍ക്ക്. അതിനാല്‍ ജില്ലയുടെ ചുമതലയുള്ള ഏതാനും അധ്യാപകര്‍ മാത്രമേ ഇതിനു നില്‍ക്കാറുള്ളൂ. പക്ഷേ ഇവരെസംബന്ധിച്ച് ഇതൊരു പരിഭവമേളയുമായി മാറുന്നു.
കുട്ടികളും സ്‌കൂള്‍ അധികൃതരുംതങ്ങളുടെ ഉത്പന്നങ്ങളുമായി നേരത്തെ സ്ഥലം വിടുന്നതോടെ പ്രദര്‍ശനത്തിന് വെക്കാന്‍ ഉത്പന്നങ്ങളും കുറവാണ്.
പങ്കെടുത്ത വിദ്യാര്‍ഥികളുടെ കരകൗശല ഉത്പന്നങ്ങളെല്ലാം അതാത് ജില്ലക്കാര്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. പക്ഷേ പ്രായോഗിക ബുദ്ധിമുട്ടുകളും മറ്റും കാരണം ഈ ശ്രമം പലരും ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇന്നലെതന്നെ 14 ജില്ലകളില്‍ അഞ്ചു ജില്ലക്കാര്‍മാത്രമേ പങ്കെടുത്തുള്ളൂ. പാലക്കാട്, വയനാട്, പത്തനംതിട്ട, കാസര്‍ഗോഡ്, ആലപ്പുഴ ജില്ലകളാണിവ.
ഉത്പന്നങ്ങളുടെ മൂന്നിലൊന്ന് മാത്രമേ പ്രദര്‍ശനത്തിലുണ്ടായിരുന്നുള്ളൂ.
കാര്‍ഷിക സംസ്‌കാരത്തിന് പ്രാധാന്യം നല്‍കിയുള്ള ഉത്പന്നങ്ങളായിരുന്നു പാലക്കാടും, ആലപ്പുഴയും പ്രദര്‍ശിപ്പിച്ചത്. കുട്ടയും വട്ടിയും മുറവും വള്ളവും പാള ഉത്പന്നങ്ങളും കലപ്പയും മറ്റും ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."