1500 കോടി രൂപവരെ നഷ്ടമെന്ന്
ഹൈദരാബാദ്:പണം അസാധുവാക്കിയതിനെതുടര്‍ന്ന് പ്രതിമാസം 1000 മുതല്‍ 1500 കോടി രൂപവരെ സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാകുമെന്ന് തെലങ്കാന സര്‍ക്കാര്‍. ഈ വരുമാന നഷ്ടം എത്രമാസങ്ങള്‍ തുടരുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും സര്‍ക്കാര്‍ പറയുന്നു. തങ്ങളുടെ നഷ്ടം നികത്താന്‍ കഴിയുക കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെ ആശ്രയിച്ചായിരിക്കുമെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പറഞ്ഞു. ചെറിയ മൂല്യത്തിലുള്ള കറന്‍സി നോട്ടുകള്‍ എത്തുന്നതുവരെ വരുമാന നഷ്ടം തുടരുമെന്നാണ് കണക്കുകൂട്ടുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി. രജിസ്‌ട്രേഷന്‍, മോട്ടോര്‍ വെഹിക്കിള്‍-കമേഴ്‌സ്യല്‍ നികുതി എന്നിവ പിരിച്ചെടുക്കുന്നതില്‍ വലിയതോതിലുള്ള നഷ്ടമാണ് സര്‍ക്കാറിന് നേരിടേണ്ടി വരുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വഴിയുള്ള ലോണുകളുടെ തിരിച്ചടവിന് അവധി നല്‍കണമെന്നും ചില ലോണുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും കേന്ദ്ര ധനമന്ത്രാലയത്തിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തില്‍ പങ്കെടുക്കില്ലെന്ന് ഭരണപക്ഷ പാര്‍ട്ടിയായ ടി.ആര്‍.എസ് നേതൃത്വം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."