രാജ്യംവിട്ട എല്ലാ കുറ്റവാളികളെയും തിരികെ എത്തിക്കണം: സുപ്രിംകോടതി
ന്യൂഡല്‍ഹി: ഇന്ത്യയിലെ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനായി പലരും രാജ്യം വിടുന്നുവെന്ന് സുപ്രിംകോടതി. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ രാജ്യം വിടുന്ന നടപടികള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ സുപ്രിംകോടതി ഇങ്ങനെ രാജ്യംവിട്ട മുഴുവന്‍ കുറ്റവാളികളേയും തിരികെയെത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അത്തരക്കാരെ തിരികെ ഇന്ത്യയിലെത്തിച്ച് നിയമത്തിനു മുന്നില്‍കൊണ്ടുവരണം. അവരെ നിയമത്തിനു കീഴില്‍ കൊണ്ടുവന്നു കര്‍ശനശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ കഴിയുമെന്ന സന്ദേശം നല്‍കാന്‍ ഇത്തരക്കാരെ തിരിച്ചു കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അത്തരത്തിലൊരു കീഴ്‌വഴക്കം ഉണ്ടാക്കേണ്ടിയിരിക്കുന്നുവെന്നും ജസ്റ്റിസുമാരായ ജെ.എസ് ഖെഹാര്‍, അരുണ്‍ മിശ്ര എന്നിവരടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ച് നിരീക്ഷിച്ചു.
വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ബിസിനസുകാരി റിതിക അവസ്തിയുടെ കേസ് പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്. നിയമനടപടി ഭയന്നു ബ്രിട്ടനിലേക്കു രാജ്യം വിട്ട റിതികയെ തിരികെകൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനോടു കോടതി ആവശ്യപ്പെട്ടു.
ബ്രിട്ടനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് റിതിക രാജ്യം വിട്ടത്. നിശ്ചയിച്ച കാലാവധി കഴിഞ്ഞെങ്കിലും അവര്‍ തിരിച്ചുവന്നില്ല. ഇതേതുടര്‍ന്ന് അവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി ബ്രിട്ടനില്‍ നിന്നു നാടുകടത്താനുള്ള നടപടികള്‍ക്കു തുടക്കം കുറിക്കാനും സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ലഭ്യമല്ലെന്നും അതുലഭിച്ചാല്‍ മാത്രമെ നാടുകടത്തലുള്‍പ്പെടെ അവരെ വിട്ടുകിട്ടാനാവശ്യമായ നടപടിക്രമങ്ങള്‍ തുടങ്ങാന്‍ കഴിയൂവെന്നും സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാരിന്റെ മറുപടിയില്‍ അതൃപ്തി അറിയിച്ച കോടതി നിങ്ങളല്ലേ പാസ്‌പോര്‍ട്ട് നല്‍കിയതെന്നും എന്നിരിക്കെ അവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പിന്നെ എന്താണു തടസമെന്നും ചോദിച്ചു.
അവരടക്കമുള്ള രാജ്യംവിട്ട എല്ലാ കുറ്റവാളികളെയും തിരികെയെത്തിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണെന്നും സോളിസിറ്റര്‍ ജനറലിനു കര്‍ശന നിര്‍ദേശം നല്‍കി. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍ക്കാര്‍ അവ ലഭ്യമല്ലെന്നു പറയുന്നത് റിതികയെ തിരികെ നാട്ടിലെത്തിക്കാന്‍ താല്‍പ്പര്യമില്ല എന്നതിന്റെ സൂചനയാണെന്നു കോടതി കുറ്റപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ സുപ്രിംകോടതി നിര്‍ദേശിച്ചതനുസരിച്ച് ഉത്തര്‍പ്രദേശ് പൊലിസാണ് പാസ്‌പോര്‍ട്ട് റിതികയ്ക്കു തിരിച്ചുകൊടുത്തതെന്നും കേന്ദ്രസര്‍ക്കാരിനു അതില്‍ ഉത്തരവാദിത്വമില്ലെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.വിവരങ്ങള്‍ ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ അതു റദ്ദാക്കുമെന്നും അദ്ദേഹം കോടതിക്ക് ഉറപ്പുകൊടുത്തു.
നഇതോടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കോടതി സര്‍ക്കാരിനു മൂന്നാഴ്ച സമയം നല്‍കി. കേസ് അടുത്തമാസം 15നു വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."