ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി വേണം: ജില്ലാ വികസനസമിതി
കൊച്ചി: നഗരത്തിനകത്ത് ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് ജില്ലാ വികസനസമിതിയോഗം ആവശ്യപ്പെട്ടു. വൈറ്റിലയ്ക്കടുത്ത് തിരക്കുള്ള പ്രദേശങ്ങളില്‍ ട്രാഫിക് വാര്‍ഡന്റെ സേവനം അത്യാവശ്യമാണ്. ഗതാഗതം നിയന്ത്രിക്കാനായി ട്രാഫിക് പൊലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ശുപാര്‍ശചെയ്യാന്‍ ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചു.
വൈറ്റിലയ്ക്കടുത്ത് മെഡിക്കല്‍ സെന്റര്‍, ചക്കരപ്പറമ്പ്, പൊന്നുരുന്നി, ഒബ്‌റോണ്‍ മാള്‍ തുടങ്ങിയ ഇടങ്ങളില്‍ റോഡ് മുറിച്ചുകടക്കാന്‍ പോലും ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണെന്ന് യോഗത്തില്‍ സംസാരിച്ച പി.ടി.തോമസ് എം.എല്‍.എ ചൂണ്ടിക്കാട്ടി. അപകടങ്ങള്‍ കുറയ്ക്കാനായി വൈറ്റില ഹബിനടുത്ത് സിഗ്‌നല്‍ വയ്്ക്കുന്നതടക്കമുള്ള പരിഷ്‌കരണങ്ങളെക്കുറിച്ചാലോചിക്കാന്‍ ജില്ലാ കളക്ടര്‍ യോഗം വിളിച്ചു ചേര്‍ക്കും. നഗരത്തില്‍ മാത്രമല്ല കൂത്താട്ടുകുളം ടൗണ്‍പോലുള്ള പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്ന് അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. ശബരിമല തീര്‍ഥാടന കാലത്ത് കൂത്താട്ടുകുളം ഭാഗത്തുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളില്‍ നിന്ന് വൈറ്റിലയിലേക്ക് വരുന്നവര്‍ക്കും വൈറ്റിലയ്ക്കടുത്തുള്ള അപ്രോച്ച് റോഡുകളിലും യാത്രാക്ലേശം അനുഭവപ്പെടുന്നുണ്ടെന്ന് വി.പി. സജീന്ദ്രന്‍ എം.എല്‍.എയും അഭിപ്രായപ്പെട്ടു.
ജനങ്ങള്‍ക്ക് യാത്രാക്ലേശം ഉണ്ടാവാത്ത വിധത്തില്‍ വൈറ്റില ഭാഗത്തെ ഗതാഗതം പുനക്രമീകരിക്കണമെന്ന് ജില്ലാവികസനസമിതിയോഗം ആവശ്യപ്പെട്ടു. ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സ്‌റ്റേഷന്‍ കവല സ്‌റ്റോപ്പ് ഒഴിവാക്കിക്കൊണ്ട് പുനക്രമീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
കെ.എസ്.ആര്‍.ടി.സി പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് പല ബസുകളും സര്‍വീസ് നിര്‍ത്തിയതിനെത്തുടര്‍ന്നുണ്ടായ യാത്രാക്ലേശം പരിഹരിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു. ആലുവയില്‍ നടത്തിയ ട്രാഫിക്പരിഷ്‌കരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതെക്കുറിച്ചുള്ള വിശദമായ പഠനത്തിനുശേഷം ഗതാഗതം പുനക്രമീകരിക്കാന്‍ വികസനസമിതിയോഗം ശുപാര്‍ശ ചെയ്തു. കരിങ്ങാച്ചിറ ഭാഗത്ത് ആര്‍.ടി.ഒയുടെ വാഹനപരിശോധന ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും വാഹനപരിശോധന കരിമുകളിലേക്കോ മറ്റ് ലഭ്യമായ ഇടത്തേക്കോ മാറ്റണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. വടുതല, കടവന്ത്ര, ഉദയനഗര്‍, ലൂര്‍ദ് ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ഹൈബി ഈഡന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന ലോറികള്‍ക്ക് പ്രത്യേക നിറം നിര്‍ബന്ധമാക്കണമെന്നും മാലിന്യം പൊതുസ്ഥലങ്ങളിലോ ജലസ്രോതസ്സുകളിലോ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പി.ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. ഇതിനായി ഇത്തരം ലോറികളുടെയും ഉടമസ്ഥരുടെയും വിവരങ്ങള്‍ ശേഖരിക്കാനും യോഗം ആവശ്യപ്പെട്ടു. ബ്രഹ്മപുരം മാലിന്യപ്ലാന്റ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും യോഗം ആവശ്യപ്പെട്ടു. മാലിന്യങ്ങള്‍ കൊണ്ടു പോകുന്നതിന് കവചിത വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശവും യോഗത്തിലുയര്‍ന്നു.
താലൂക്ക് വികസനസമിതികള്‍ രൂപീകരിക്കണമെന്നും ജനങ്ങള്‍ക്ക് പട്ടയം നല്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. തെരുവുനായ്ക്കളുടെ വന്ധീകരണത്തിനായി കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസനസമിതിയോഗത്തില്‍ എം.എല്‍.എമാര്‍ക്കു പുറമെ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാലി ജോസഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."