കരമന കളിയിക്കാവിള റോഡ് വികസനം: നഷ്ടപരിഹാരവിതരണം ജനുവരിയില്‍ പൂര്‍ത്തിയാകും
തിരുവനന്തപുരം: കരമന കളിയിക്കാവിള റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തവര്‍ക്കുള്ള നഷ്ടപരിഹാരവിതരണം ജനുവരിയോടെ പൂര്‍ത്തിയാകും.
തിരുവനന്തപുരം ജില്ലാ വികസനസമിതി യോഗത്തില്‍ നെയ്യാറ്റിന്‍കര എം.എല്‍.എ കെ. ആന്‍സലന്റെ ചോദ്യത്തിന് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. പ്രാവച്ചമ്പലം മുതല്‍ കൊടിനട വരെയുള്ള പ്രദേശത്തെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ചുവരികയാണ്. റോഡരികിലെ താമസക്കാര്‍, വ്യാപാരികള്‍, തൊഴിലാളികള്‍ എന്നിവരുടെ പുനരധിവാസ ആനുകൂല്യങ്ങളും ഇതോടൊപ്പം വിതരണം ചെയ്യും. പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുള്ള സ്ഥലമേറ്റെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജലസ്രോതസ്സുകളുടെ മാലിന്യം നീക്കല്‍, നവീകരണം, പുതിയ പദ്ധതികളുടെ കമ്മിഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കിളിമാനൂര്‍, പഴയകുന്നുമ്മേല്‍, മടവൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതി ജനുവരിയോടെ കമ്മിഷന്‍ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
35 കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയിട്ടും സാങ്കേതികതയുടെ നൂലാമാലകള്‍ പറഞ്ഞ് പദ്ധതി കമ്മിഷന്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തുകയാണെന്ന് ബി. സത്യന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് പദ്ധതി ജനുവരിയില്‍ പൂര്‍ത്തിയാക്കി ജലവിതരണം നടത്തുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കൃഷിക്കും കുടിവെള്ളത്തിനും ആശ്രയിക്കുന്ന ചാനലുകളിലെ മണ്ണും പാഴ് വസ്തുക്കളും നീക്കം ചെയ്യണമെന്ന് കെ. ആന്‍സലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വെള്ളായണി കായല്‍ പ്രദേശത്തെ കൈയേറ്റത്തിനെതിരേയും കായലില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ.മാരായ കെ. ആന്‍സലന്‍, ബി. സത്യന്‍, മറ്റ് എം.എല്‍.എ മാരുടെയും എം.പിമാരുടെയും പ്രതിനിധികള്‍, സബ് കലക്ടര്‍ ദിവ്യാ എസ് അയ്യര്‍, എ.ഡി എം ജോണ്‍ വി സാമുവല്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.എസ്. ബിജു, മറ്റ് ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."