ഇരയുടെ പേര് വെളിപ്പെടുത്തല്‍: തന്റെ പേരിലുള്ള കേസ് നിലനില്‍ക്കില്ലെന്ന് അനില്‍ അക്കര
വടക്കാഞ്ചേരി(തൃശൂര്‍): പീഡനത്തിനിരയായ യുവതിയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് തനിക്കെതിരേ തൃശൂര്‍ ഈസ്റ്റ് പൊലിസ് എടുത്ത കേസ് നിലനില്‍ക്കില്ലെന്ന് അനില്‍ അക്കര എം.എല്‍.എ. രേഖാമൂലം അനുവാദം ലഭിച്ചവര്‍ക്ക് ഇരയുടെ പേര് പ്രത്യേക സാഹചര്യങ്ങളില്‍ വെളിപ്പെടുത്താമെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. തന്റെ ഭാഗം ന്യായീകരിക്കുന്നതിന് വേണ്ടി പേര് ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് പീഡനത്തിനിരയായ യുവതി 14ന് രേഖാമൂലം തനിക്ക് അനുമതി തന്നിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ പരാതി വായിക്കുന്നതിനിടെ നിരവധി പേരുകളോടൊപ്പമാണ് യുവതിയുടെ പേരും പരാമര്ശിച്ചിട്ടുണ്ടാവുക. എന്നാല്‍ മനഃപൂര്‍വം താന്‍ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഈ സാഹചര്യത്തിലാണ് സ്വകാര്യ വ്യക്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരേ എടുത്ത കേസ് നിലനില്‍ക്കില്ലെന്ന് പറയുന്നത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് താനും ഇരയായ യുവതിയും ഈസ്റ്റ് പൊലിസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
പൊലിസിന് കണ്ടെത്താനാകാതെ പോയ തെളിവുകള്‍ താന്‍ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടിയ വൈരാഗ്യമാണ് കഴിഞ്ഞ ദിവസം തന്നെ തല്ലി ചതയ്ക്കുന്നതിലേക്ക് വഴിവച്ചത്. ലാത്തിച്ചാര്‍ജ് നടക്കുമ്പോള്‍ എം.എല്‍.എയാണെന്ന് ഒരു എസ്.ഐ അറിയിച്ചിട്ടും ചാലക്കുടി ഡിവൈ.എസ്.പി വാഹിദും തൃശൂര്‍ വെസ്റ്റ് സി.ഐ രാജുവും ചേര്‍ന്ന് മര്‍ദ്ദിയ്ക്കുകയായിരുന്നുവെന്നും അനില്‍ പറഞ്ഞു.
പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ലാത്തിച്ചാര്‍ജിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."