രാമഭദ്രന്‍ വധം: പ്രതിഷേധ പരിപാടികളുമായി കോണ്‍ഗ്രസ്
കൊല്ലം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാമഭദ്രനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുകയും കൃത്യത്തെ ന്യായീകരിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെയും സി.പി.എം നേതാക്കളുടെയും നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം അഞ്ചലില്‍ കോണ്‍ഗ്രസ് വമ്പിച്ച പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
യോഗത്തില്‍ കെ .പി .സി. സി പ്രസിഡന്റ് വി .എം .സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ സംസാരിക്കും.
കേസിലെ പ്രതിയായ സി.പി.എം ഏര്യാ സെക്രട്ടറി സുമനെ ഇതുവരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളെ സി.പി.എം സംരക്ഷിക്കുകയാണ്. മന്ത്രി മേഴ്‌സികുട്ടി അമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട മാക്‌സനെ കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്തിട്ടും ഇയാളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പുറത്താക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല. മന്ത്രിയുടെ ഈ നടപടി തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണ്. മാക്‌സനെ പുറത്താക്കാതെ സംരക്ഷിക്കാനാണ് മേഴ്‌സികുട്ടി അമ്മയുടെ നീക്കമെങ്കില്‍ കുണ്ടറയിലെ മേഴ്‌സികുട്ടി അമ്മയുടെ എം.എല്‍.എ ഓഫിസിലേക്ക് ഡിസംബര്‍ ആദ്യവാരം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റുമാരായ, പി ജര്‍മ്മിയാസ്, സൂരജ് രവി, എസ് വിപിനചന്ദ്രന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഏരൂര്‍ സുഭാഷ്, കൃഷ്ണവേണി ശര്‍മ്മ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."