ദേശീയപാതയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു
കഠിനംകുളം: ദേശിയ പാതയില്‍ കഴക്കൂട്ടം ബൈപ്പാസില്‍ ടൂറിസ്റ്റ് ബസും കെ.എസ് ആര്‍.ടി.സിയുടെ മൊബൈല്‍ വര്‍ക് ഷോപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.
പാപ്പനംകോട് കെ.എസ്.ആര്‍.ടി.സിയുടെ സെന്‍ട്രല്‍ വര്‍ക് ഷോപ്പിലെ ജീവനക്കാരനും വാന്‍ ഓടിച്ചിരുന്ന ഡ്രൈവറുമായ കരമന സ്വദേശി ശിവകുമാര്‍ (45) ആണ് മരിച്ചത്. ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന കഴക്കൂട്ടം സ്വദേശി ഉണ്ണി (40), തിരുപുറം സ്വദേശി സുരേന്ദ്രന്‍ (53), ആറ്റിങ്ങള്‍ സ്വദേശി അജിത് (43), കരമന സ്വദേശി രാജേഷ് (39), ആറ്റിങ്ങല്‍ അവനവന്‍ഞ്ചേരി സ്വദേശി രതീഷ് (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ ഉണ്ണിയുള്‍പ്പെടെ കെ.എസ്.ആര്‍.ടി.സി ബസിലുണ്ടായിരുന്ന രണ്ട് പേരുടെ നിലയാണ് ഗുരുതരമായി തുടരുന്നു.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ദേശീയ പാതയില്‍ കഴക്കൂട്ടം ബൈപ്പാസില്‍ കുഴിവിളക്കും ആക്കുളം പാലത്തിനും മിടക്കാണ് അപകടമുണ്ടായത്. ഡ്രൈവര്‍ സീറ്റിനും സീറ്റിയറിങ്ങിനുമിടയില്‍ കുടുങ്ങിയ ഉണ്ണിയെ ഒന്നര മണിക്കൂര്‍ പരിശ്രമത്തിനു ശേഷമാണ് പുറത്തെടുത്തത്. തിരുവനന്തപുരം ഭാഗത്ത് നിന്നും കഴക്കൂട്ടത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി വര്‍ക് ഷോപ്പ് വാന്‍ മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യവേ നിയന്ത്രണം വിട്ട് എതിരേവന്ന ടൂറിസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനത്തിലെയും ഡ്രൈവര്‍മാരും സഹായികളും വാഹനത്തിനുള്ളില്‍ കുടുങ്ങി .ഇതില്‍ കെ.എസ്.ആര്‍.ടി.സി വാനിലുണ്ടായിരുന്ന ഡ്രൈവര്‍ ശിവകുമാറിനേയും മറ്റ് മൂന്നു പേരേയും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുറത്തെടുത്ത് മെഡിക്കള്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ശിവകുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ ഉണ്ണിയെ ഫയര്‍ഫോഴ്‌സ് സംഘം ഒന്നര മണിക്കൂറിന് ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ബസിന്റെ മുന്‍ഭാഗം പൊളിച്ച് പുറത്തെടുത്തത് .ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ബൈപ്പാസില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."