ബിഹാറുകാരനെ കൊലപ്പെടുത്തിയ കേസ്: കര്‍ണാടക സ്വദേശി അറസ്റ്റില്‍
കുന്നംകുളം: പെരുമ്പിലാവ് കൊരട്ടിക്കരയില്‍ ബിഹാര്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുന്നംകുളം പൊലിസ് അറസ്റ്റ്‌ചെയ്തു. കര്‍ണാടക സ്വദേശി നജീബ് പാഷ (35)ആണ് അറസ്റ്റിലായത്. പിടിയിലായ പ്രതിയുമായി പൊലിസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് കെ മേനോന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പ് കൊരട്ടിക്കര അമ്പലത്തിന് പുറകിലുള്ള സ്വകാര്യ പറമ്പിലെ കിണറ്റിലാണ് ബിഹാര്‍ സ്വദേശിയായ അബ്ദുള്‍ സത്താറിന്റെ (45) മൃതദേഹം കണ്ടെത്തിയത്.
മദ്യപിച്ച് കാല്‍തെറ്റി വീണതോ, ആത്മഹത്യയോ ആകാമെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വെള്ളത്തില്‍ വീണ് ശ്വാസം മുട്ടിയുള്ള മരണമാണെന്നായിരുന്നു.
എന്നാല്‍ കഴുത്തില്‍ അസ്വാഭാവികമായ മുറിവ് കണ്ടതോടെയാണ് പൊലിസ് മരണം സംമ്പന്ധിച്ച് വിശദമായ അന്വേഷണം നടത്തിയത്. മദ്യപിച്ച ശേഷമുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. ചെറിയ പേനകത്തി ഉപയോഗിച്ച് ആക്രമണം നടത്തിയ ശേഷം കുളത്തിലേക്ക് തള്ളിയിടുകയായിരുന്നുവത്രെ. പ്രതിയും മരിച്ച സത്താറും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് ഇഷ്ടിക കമ്പനിയില്‍ ജോലിചെയ്തിരുന്നു. സംഭവ ദിവസം സത്താറിനൊപ്പം ചാവക്കാട് നിന്നും പ്രതിയും കൊരട്ടിക്കരയിലേക്ക് വന്നു. മദ്യം വാങ്ങി കഴിക്കുന്നതിനായാണ് ആളൊഴിഞ്ഞ പറമ്പിലെത്തിയത്.
മദ്യപിച്ച ശേഷം ഇരുവരും പണം സംമ്പന്ധിച്ച് തര്‍ക്കമുണ്ടാവുകയും സത്താറിനെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.
സത്താറിനെ ആക്രമിക്കാനുപയോഗിച്ച കത്തി കിണറ്റില്‍ നിക്ഷേപിച്ചെന്നായിരുന്നു പ്രതി പറഞ്ഞിരുന്നത്. ഇതിനായി കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം പരിശോധന നടത്തി.
പ്രതിയെ തെളിവെടുപ്പിന് കൊണ്ടു വരുന്നതിറിഞ്ഞ് വന്‍ ജനാവലി പരിസരത്ത് തടിച്ചുകൂടിയിരുന്നു. ജില്ലാ പൊലിസ് മേധാവി ആര്‍ നിശാന്തിനിയുടെ നിര്‍ദേശ പ്രകാരം ഡിവൈ.എസ്.പി പി വിശ്വംബരന്‍, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ രാജേഷ് കെ മേനോന്‍ എസ്.ഐ ടി പി ഫര്‍ഷാദ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."