കനത്ത മഴ: വിഴിഞ്ഞം തുറമുഖത്തേക്കുള്ള പുതിയ റോഡ് ഒലിച്ചുപോയി
വിഴിഞ്ഞം: കനത്ത മഴയില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി നിര്‍മിച്ച റോഡ് ഒലിച്ചു പോയി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമെന്ന് അധികൃതര്‍. വിഴിഞ്ഞം കരിമ്പള്ളിക്കര പ്രദേശത്തെ രണ്ടു വീടുകള്‍ തകരുകയും നൂറിലേറെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയിലെ കനത്ത മഴയെത്തുടര്‍ന്നാണ് വിഴിഞ്ഞം പദ്ധതി പ്രദേശമുള്‍ക്കൊള്ളുന്ന കരിമ്പള്ളിക്കരയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്. കോട്ടപ്പുറം, കരിമ്പള്ളിക്കര പ്രദേശങ്ങളില്‍നിന്ന് കടലിലേക്ക് വെളളം ഒഴുകിപ്പോകുന്ന ഓട മാലിന്യവസ്തുക്കള്‍ നിറഞ്ഞ് അടഞ്ഞതോടെയാണ് പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായത്. തുറമുഖ പദ്ധതിയുടെ ഭാഗമായി മണല്‍തിട്ടയിലൂടെ നിര്‍മിച്ച തീരദേശ റോഡിനു അടിയിലാണ് പൈപ്പ്‌ലൈന്‍ സ്ഥാപിച്ചിട്ടുള്ളത്. വെള്ളത്തിന്റെ സമ്മര്‍ദം കാരണം റോഡ് അഞ്ചുമീറ്ററിലേറെ ദൂരത്തില്‍ തകര്‍ന്നു. തുറമുഖ കവാടമായ മുല്ലൂരിലെ അപ്രോച്ച് റോഡും തകര്‍ന്നു. റോഡ് തകര്‍ന്നതോടെ വെള്ളം കടലിലേക്ക് ഒഴുകിപ്പോയി. കരിമ്പള്ളിക്കര മരിയന്‍നഗറിലും വയലിന്‍കരയിലുമായി നൂറ്റമ്പതോളം വീടുകളിലാണ് രാത്രി ഒരു മണിയോടെ വെള്ളം കയറിയത്. പാതിരാത്രിക്ക് വെള്ളക്കെട്ട് ഒഴിവാക്കാന്‍ നാട്ടുകാര്‍ ഏറെ ബുദ്ധിമുട്ടി. ചെരിഞ്ഞതും സദാസമയം നനവുമുള്ള പ്രദേശമായതിനാല്‍ അപകടസാധ്യത കൂടുതലാണെന്നത് നാട്ടുകാരില്‍ ആശങ്ക വര്‍ധിപ്പിച്ചു. ഇവിടുത്തെ കൂടുതല്‍ വീടുകളും ഷീറ്റിട്ടതും ഓല മേഞ്ഞതുമാണ്. തീരദേശ റോഡ് ഇടിഞ്ഞ് വെള്ളം കടലിലേക്ക് ഒഴുകിപ്പോയതോടെ വീടുകളില്‍നിന്ന് വെള്ളമിറങ്ങി. വെള്ളം കയറിയതിനെ തുടര്‍ന്ന് ചെറിയ വീടുകളുടെ നിലനില്‍പ്പിനെപ്പറ്റിയും ആശങ്കയുണ്ടായി. ഇതോടെ വീടുകളില്‍ കിടക്കാന്‍ വീട്ടുകാരും ഭയന്നു. വീട്ടുപകരണങ്ങളും ഇലക്ട്രോണിക്‌സ് സാധനങ്ങളും നശിച്ചു. വെള്ളിയാഴ്ച രാവിലെയും ഉച്ചയ്ക്കുമായി മരിയന്‍ നഗറിലെ രണ്ടു വീടുകള്‍ തകര്‍ന്നു. കോട്ടപ്പുറം സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ താല്‍കാലിക ദുരിതാശ്വാസ ക്യാംപ് തുടങ്ങിയിട്ടുണ്ട്. വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മാലിന്യവും കൂടിക്കിടക്കുന്ന് തീരത്ത് പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. വിന്‍സെന്റ് എം.എല്‍.എ, കോട്ടപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി, അദാനി ഗ്രൂപ്പ് അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വെള്ളം കടലിലേക്ക് ഒഴുക്കിവിടാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."