ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍
തിരുവനന്തപുരം: നോട്ട് പിന്‍വലിച്ച് രാജ്യത്തെ അരാജകത്വത്തിലാഴ്ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ എല്‍.ഡി.എഫ് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പാല്, പത്രം, വിവാഹം, ബാങ്ക്, ശബരിമല പരിസരപ്രദേശം, തീര്‍ഥാടകരുടെ വാഹനം, വിദേശ ടൂറിസ്റ്റുകളുടെ വാഹനം, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് അറിയിച്ചു.
നോട്ട് പിന്‍വലിച്ചതിന്റെ മറവില്‍ സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിലും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കം സംസ്ഥാനത്തു നിന്നുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ചു കൂടിയാണ് ഹര്‍ത്താല്‍.
ഇന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ രാജ്ഭവന് മാര്‍ച്ചും പിക്കറ്റിങും നടത്തും.കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയെത്തുടര്‍ന്ന് രാജ്യത്തുടനീളം ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ പരിഹരിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ട മോദി സര്‍ക്കാരിനെതിരേ ശക്തമായ ജനവികാരം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് കോണ്‍ഗ്രസ് ദേശീയ പ്രതിഷേധദിനമായി ആചരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് അറിയിച്ചു. ഇതിന്റെ ഭാഗമായി എ.ഐ.സി.സിയുടെ നിര്‍ദേശപ്രകാരം രാവിലെ എല്ലാ ജില്ലകളിലും ഡി.സി.സികളുടെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മയും നടത്തും. ജനകീയ കൂട്ടായ്മയും യു.ഡി.എഫ് എം.എല്‍.എമാരുടെ രാജ്ഭവന് മാര്‍ച്ചും വിജയിപ്പിക്കണമെന്ന് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ജനാധിപത്യ വിശ്വാസികളോടും സുധീരന് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."