കുട്ടികള്‍ക്ക് പിറകിലുണ്ടോ കഴുകക്കണ്ണുകള്‍..?
തുടക്കം ഫറോക്കില്‍
ഒരുമാസം മുന്‍പ് ഫറോക്ക് നല്ലൂരിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കളി കഴിഞ്ഞു വീട്ടിലേക്ക് പോകവേ എട്ടാം ക്ലാസുകാരനെ അജ്ഞാത വാഹനത്തില്‍ പിടിച്ചു കയറ്റാന്‍ ശ്രമിച്ചെന്നതാണ് ഇതുമായി ബന്ധപ്പെട്ട് സമീപ കാലത്തായി ലഭിച്ച ആദ്യത്തെ പരാതി. ഫറോക്ക് പുറ്റെക്കാട്ടെ വീട്ടിലേക്ക് ഇ.എസ്.ഐ ഹോസ്പിറ്റിലനു സമീപത്തെ റോഡിലൂടെ പോകുകയായിരുന്നു കുട്ടിയുടെ സമീപത്ത് വാഹനം നിര്‍ത്തി അജ്ഞാതര്‍ പിടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ കുട്ടി സമീപത്തെ ക്വാര്‍ട്ടേഴ്‌സിലേക്ക് ഓടിക്കയറുകയും ഇവിടെ താമസിക്കുന്നവര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു.
ഈ സംഭവത്തിനു ശേഷം കഴിഞ്ഞ ഒരാഴ്ചക്കിടെ നാലു രക്ഷിതാക്കളാണ് മക്കളെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നുവെന്ന പരാതിയുമായി ഫറോക്ക് പൊലിസ് സ്റ്റേഷനിലെത്തിയത്. കഴിഞ്ഞ 17ന് ഫറോക്ക് ഗവ. ഗണപത് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കരുവന്‍തിരുത്തിയില്‍ ഇറക്കിവിട്ടതായി രക്ഷിതാവ് പരാതി നല്‍കി.വൈകിട്ട് 4.30ഓടെ സ്‌കൂള്‍ കലോത്സവത്തിനുള്ള വട്ടപ്പാട്ടിന്റെ പരിശീലനം കഴിഞ്ഞു വീട്ടിലേക്ക് നടക്കുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് മധ്യവയ്‌സകന്‍ നിലത്തുണ്ടായിരുന്ന കവര്‍ എടുത്തുതരാന്‍ പറയുകയും ഇത് എടുത്തു നല്‍കാനുള്ള ശ്രമത്തിനിടയില്‍ മൂന്നുപേര്‍ ബലമായി പിടിച്ചു കാറിലേക്ക് കയറ്റുകയുമായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. പിടിവലി നടന്നിതിന്റെ പാടുകളും കുട്ടിയുടെ ശരീരത്തിലും ഷര്‍ട്ടിലുമുണ്ടായിരുന്നുവെന്നു രക്ഷിതാക്കള്‍ പറയുന്നു.
ഈ സംഭവത്തിനു തൊട്ടടുത്ത ദിവസമാണ് ഫറോക്ക് ചന്ത ജി.എം.എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചാതായി പരാതി ഉയര്‍ന്നത്. ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചു തീരികെ സ്‌കൂളിലേക്ക് വരവേയാണ് സംഭവം. ഒമ്‌നി വാനിലെത്തിയ സംഘം വാഹനത്തില്‍ പിടിച്ചു കയറ്റാന്‍ ശ്രമിച്ചെന്നും കുതറി ഓടുകയായിരുന്നുവെന്നുമാണ് കുട്ടി രക്ഷിതാക്കളോടും പൊലിസിലും പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ 23ന് എട്ടു വയസുകാരിയെ മദ്‌റസ വിട്ടു വരുന്നതിനിടെ ഒരു സംഘം വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയതായും വാര്‍ത്ത വന്നു. വൈകിട്ടു ആറോടെ മദ്‌റസ വിട്ട് ഫാറൂഖ് കോളജില്‍ റോഡ് വഴി വീട്ടിലേക്ക് വരുമ്പോള്‍ സമീപം കാര്‍ നിര്‍ത്തി ചിലര്‍ മിഠായി നല്‍കാന്‍ ശ്രമിച്ചെന്നും അതു വാങ്ങാതെ പേടിച്ചു നിലവിളിച്ച കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്. പുറത്തിറങ്ങി നോക്കിയ വീട്ടുകാര്‍ കാര്‍ തിരിച്ചു പോകുന്നതു കണ്ടതായും പറയുന്നു.
കല്ലംപാറ സ്രാങ്ക്പടിയില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായുള്ള വാര്‍ത്ത അടുത്ത ദിവസം തന്നെ വന്നതും ജനങ്ങളെ പരിഭ്രാന്തരാക്കി. സൈക്കിള്‍ ചങ്ങല ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സമീപത്തു വാഹനം നിര്‍ത്തുകയും കാറില്‍ നിന്നും ഒരാള്‍ നിലത്തു വീണു മിഠായി എടുത്തുനല്‍കാന്‍ പറയുകയുമായിരുന്നു.
മിഠായി എടുക്കുന്നതിനിടെ കാറിന്റെ ഡോര്‍ തുറക്കുന്നത് കണ്ടു പേടിച്ചു സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നാണ് കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്.
വാര്‍ത്തകള്‍ അനുദിനം വര്‍ധിക്കുന്നു
ഈസ്റ്റ് മലയമ്മ അങ്ങാടിക്ക് സമീപം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന പൂലോട്ട് നിസാറിന്റെ മകന്‍ ഹുസ്‌നുല്‍ മുബാറക്കിനെ ബൊലേറോ ജീപ്പില്‍ വന്ന സംഘം തട്ടികൊണ്ട് പോകാന്‍ ശ്രമം നടത്തിയെന്ന പരായി ഉയര്‍ന്നതും കഴിഞ്ഞ ആഴ്ചയാണ്. വൈകിട്ട് ആറിനു ശേഷമാണ് സംഭവം നടന്നത്. കുട്ടിയുടെ സമീപത്ത് വാഹനം നിര്‍ത്തിയ അജ്ഞാതര്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതു കൊണ്ട് ശ്രമം ഉപേക്ഷിച്ചുവെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളും ഇതുമായി ബന്ധപ്പെട്ട ദുരൂഹതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഭീതി പരത്തി സോഷ്യല്‍ മീഡിയ
കോഴിക്കോട്: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും ശരിയല്ല. മദ്‌റസയിലേക്കും സ്‌കൂളിലേക്കും പോകുന്ന കുട്ടികളെ തട്ടിക്കൊണ്ടു പോയതായും തലമുണ്ഡനം ചെയ്തതായും പറയുന്ന ശബ്ദസന്ദേശങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും സ്ഥിരീകരണമില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ചില ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തെ തുടര്‍ന്് രക്ഷിതാക്കളും പേടിയിലാണ്.
മലപ്പുറം ജില്ലയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ വാര്‍ത്തയാണ് ആദ്യം പ്രചരിച്ചത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചില ഓണ്‍ലൈനുകളിലും ചാനലുകളിലും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് ജില്ലയിലെ പല ഭാഗത്തും തട്ടിക്കൊണ്ടു പോകല്‍ നടക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സോഷ്യല്‍ മീഡിയയിലെ പ്രചാരണം കാരണം പ്രവാസികളായ രക്ഷിതാക്കളും ഭീതിയിലാണ്.
പലരും നാട്ടിലേക്കു വിളിച്ചു കാര്യങ്ങള്‍ തിരക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. അതിനിടെ മദ്‌റസിയിലും സ്‌കൂളിലും ഇനി മുതല്‍ പോകണോ എന്നു ചോദിച്ചു ഗള്‍ഫിലുള്ള പിതാവിന് ഫോണ്‍ വിളിക്കുന്ന ചെറിയ കുട്ടിയുടെ ശബ്ദവും പ്രചരിക്കുന്നുണ്ട്.
Z
തെളിവുകളുടെ അഭാവത്തില്‍ പൊലിസ്
നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിട്ടും പ്രാഥമിക തെളിവുകള്‍ പോലും ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് അധികൃതര്‍ പറയുന്നത്. ഒരു കുട്ടിയെ പോലും കാണാതായതായി പരാതി ലഭിച്ചിട്ടില്ല. കുട്ടികളുടെ മൊഴികളിലെ വൈരുധ്യവും പൊലിസിനെ വലയ്ക്കുന്നുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ആന്തരികാവയായവങ്ങള്‍ വില്‍ക്കുന്നതായും ഭിക്ഷാടനം പോലുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കന്നുണ്ട്.
ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ കണ്ടുള്ള ഭീതി കാരണം തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടക്കുന്നുവെന്ന തോന്നല്‍ കുട്ടികളില്‍ ഉണ്ടാകുകയാണെന്ന നിഗമനവും പൊലിസിനുണ്ട്. സംഭവങ്ങള്‍ക്കു പിന്നില്‍ നാട്ടില്‍ ഭീതിപടര്‍ത്താനുള്ള ശ്രമമുണ്ടോയെന്ന കാര്യവും അന്വേഷണ വിധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."