കൊടുവള്ളി ഗവ. കോളജ്: എം.എല്‍.എയും പഞ്ചായത്ത് ഭരണസമിതിയും രണ്ടുതട്ടില്‍
കൊടുവള്ളി: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൊടുവള്ളി നിയോജക മണ്ഡലത്തിന് അനുവദിച്ച ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ തുടര്‍പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സ്ഥലം എം.എല്‍.എയും കിഴക്കോത്ത് പഞ്ചായത്ത് ഭരണസമിതിയും രണ്ടുതട്ടില്‍. പറക്കുന്നിനടുത്ത് കൊത്തന്‍പാറ മലയില്‍ അഞ്ചേക്കറോളം സ്ഥലമാണ് കോളജ് നിര്‍മിക്കാനായി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വാങ്ങിയത്. ഇവിടെ കെട്ടിട നിര്‍മാണ പ്രവൃത്തി പുരോഗമിക്കുകയാണ്.
എന്നാല്‍ കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്തിന്റെ റജിസ്‌ട്രേഷന്‍ നടപടികള്‍ വൈകുന്നത് കോളജിന്റെ അഫിലിയേഷന്‍ നഷ്ടമാകാന്‍ കാരണമാകും എന്ന മണ്ഡലം എം.എല്‍.എ കാരാട്ട് റസാഖിന്റെ കഴിഞ്ഞദിവസത്തെ പ്രസ്താവനയാണ് ആശങ്കകള്‍ക്ക് വഴിവച്ചത്. സ്ഥലം സര്‍ക്കാരിലേക്കു തക്കസമയത്ത് റജിസ്റ്റര്‍ ചെയ്യുന്നതില്‍ കിഴക്കോത്ത് പഞ്ചായത്ത് ഭരണസമിതി വീഴ്ച വരുത്തിയെന്നായിരുന്നു എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.
എന്നാല്‍ മാസങ്ങള്‍ക്കു മുന്‍പു തന്നെ രജിസ്‌ട്രേഷന് അനുമതി ലഭിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നെന്നും റവന്യു വകുപ്പ് പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നെന്നും കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഉസ്സയിന്‍ മാസ്റ്റര്‍ സുപ്രഭാതത്തോടു പറഞ്ഞു. സ്ഥലം എത്രയും പെട്ടെന്ന് സര്‍ക്കാരിനു കൈമാറണമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടേയും ആഗ്രഹം. സര്‍വേ കഴിഞ്ഞ് റജിസ്‌ട്രേഷന്‍ നടപടികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അടുത്ത അധ്യയന വര്‍ഷം മുതല്‍ കോളജ് പുതിയ കെട്ടിടത്തിലേക്കു മാറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കളരാന്തിരിയിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടം പ്രവൃത്തി പുരോഗമിക്കുന്നതിനിടെ എം.എല്‍.എ നടത്തിയ പ്രസ്താവനക്കു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്റ്‌റുടെ പ്രയത്‌നഫലമായാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൊടുവള്ളി മണ്ഡലത്തിനു കോളജ് അനുവദിച്ചത്. അനുയോജ്യമായ അഞ്ചേക്കര്‍ സ്ഥലം കണ്ടെത്തുന്ന പഞ്ചായത്തില്‍ കോളജ് നിര്‍മിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
ഇതിന്റെ അടിസ്ഥാനത്തില്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി അഞ്ചേക്കര്‍ ഭൂമി വാങ്ങി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. കോളജിലേക്കു റോഡ് നിര്‍മിക്കാന്‍ തുടക്കത്തില്‍ തന്നെ വി.എം ഉമ്മര്‍ മാസ്റ്റര്‍ ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു. റോഡ് പ്രവൃത്തി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. കെട്ടിടം നിര്‍മാണത്തിനായി മൂന്നു കോടി രൂപയും അനുവദിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. അടുത്ത് ജൂണിനു മുന്‍പായി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. രാഷ്ട്രീയക്കളിയില്‍ കോളജ് പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നത് അനന്തമായി നീളുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."