കുട്ടികള്‍ക്കിടയിലെ ലഹരി ഉപഭോഗം: നടപടികള്‍ കര്‍ശനമാക്കും- ജില്ലാ വികസന സമിതി
കല്‍പ്പറ്റ: ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രചാരണം ശക്തമാക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ലഹരി വ്യാപനത്തിനെതിരെ അടിയന്തര ജാഗ്രത പുലര്‍ത്തണമെന്നും പരിഹാര നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്നും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഇതനുസരിച്ച് വിദ്യാഭ്യാസ ആരോഗ്യ ടൂറിസം എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായും പദ്ധതി ആവിഷ്‌കരിക്കും.
ഇതിന്റെ ഭാഗമായി ഡിസംബറില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഒരു ദിവസം ഉച്ചയ്ക്ക് ശേഷം ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ്സുകള്‍ നടത്തും. ആധുനിക സൗകര്യങ്ങളോടെയുള്ള ലഹരിമുക്ത കേന്ദ്രം തുടങ്ങാന്‍ നടപടി സ്വീകരിക്കും. ജില്ലയിലേക്ക് മദ്യവും മയക്കുമരുന്നും ഒഴുകുന്നത് പ്രധാനമായും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും ഇതിനെതിരെയുള്ള നടപടികള്‍ ശക്തമാക്കണമെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ജില്ലയിലെ ട്രൈബല്‍ ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ വെറ്റിലമുറുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ചില ഹോസ്റ്റലുകളില്‍ അധ്യാപകരും ഈ ദുശ്ശീലത്തിന് വശപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. ബൈരക്കുപ്പയില്‍ നിലവിലുള്ള പൊലിസ് ഔട്ട് പോസ്റ്റ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണം. ജില്ലയിലെ പട്ടികവര്‍ഗ കുടുംബങ്ങളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ക്ക് വേഗം കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയില്‍ ഡിസംബര്‍ ആറിനു ശേഷം ക്വാറികള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ പ്രത്യേക പാരിസ്ഥിതിക അനുമതി ആവശ്യമുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി അറിയിച്ചു. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് ജില്ലാതല വിദഗ്ദ സമിതിയും അതിനു മുകളിലുള്ളവയ്ക്ക് സംസ്ഥാനതല വിദഗ്ദ സമിതിയുമാണ് അംഗീകാരം നല്‍കേണ്ടത്. ഇതിനായി ക്വാറി ഉടമകള്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതുണ്ടെങ്കിലും ഇതുവരെ ഒരപേക്ഷ പോലും ജില്ലയില്‍ ലഭിച്ചിട്ടില്ല. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിബന്ധനകള്‍. രാജ്യത്തുടനീളം ഇത് ബാധകമാണ്.
ജില്ലയിലേക്ക് മാലിന്യങ്ങള്‍ കടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് വാഹനം ലേലം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതായി കലക്ടര്‍ അറിയിച്ചു. പ്ലാസ്റ്റിക് രഹിത ജില്ലയായി വയനാടിനെ മാറ്റാനുള്ള ശ്രമത്തിനെതിരെയുള്ള കോടതി സ്റ്റേ നീക്കിയ സാഹചര്യത്തില്‍ ലക്ഷ്യപൂര്‍ത്തീകരണത്തിനായുള്ള ശ്രമങ്ങള്‍ കര്‍ശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാരാപ്പുഴ ടൂറിസം പദ്ധതി പ്രവൃത്തി ഏറ്റെടുത്ത ഏജന്‍സി സമയബന്ധിതമായി പണിപൂര്‍ത്തീകരികാത്ത സാഹചര്യത്തില്‍ ഏജന്‍സി പ്രതിനിധികളെ വിളിച്ചുവരുത്താനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."