ഭാഷയെ വര്‍ഗീയവല്‍ക്കരിക്കുന്നതിനോട് അമര്‍ഷം; അറബിയില്‍ തിളങ്ങി മീനാക്ഷി
അരീക്കോട്: ഭാഷയെ വര്‍ഗീയവല്‍ക്കരിക്കുന്നവരോട് അടങ്ങാത്ത അമര്‍ഷമാണ് നാലാംക്ലാസുകാരി മീനാക്ഷിക്ക്. എല്ലാം പഠിക്കണം, എല്ലാ ഭാഷയും എല്ലാവര്‍ക്കുമുള്ളതാണെന്നാണ് അവളുടെ ന്യായം. അരീക്കോട് ഉപജില്ലയിലെ വാലില്ലാപുഴ എം.എ.എല്‍.പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ് മീനാക്ഷി.
മീനാക്ഷിക്ക് അറബി ഭാഷയോടുള്ള സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ല. ഒന്നാംതരത്തില്‍നിന്ന് അറബി പഠനംതുടങ്ങിയ മീനാക്ഷി, സ്‌കൂളില്‍ അറബിയിനത്തില്‍ നടക്കുന്ന മത്സരങ്ങളിലെല്ലാം നാലു വര്‍ഷമായി ഒന്നാംസ്ഥാനം നേടുന്നുണ്ട്. നാലാംതരംവരെയുള്ള അറബിക് പരീക്ഷകളും എഴുതി പാസായി.
ഇന്നലെ നടന്ന അരീക്കോട് ഉപജില്ലാ കലോത്സവത്തില്‍ അറബിക് പദ്യംചൊല്ലലില്‍ എ ഗ്രേഡ് നേടിയതും മീനാക്ഷിക്കുട്ടിയാണ്.
അഹമ്മദ് മൗലവിയുടെ നാം ഇന്ത്യക്കാര്‍ എന്ന പദ്യമാണ് മീനാക്ഷി കലോത്സവത്തിനായി തെരഞ്ഞെടുത്തത്. എല്ലാ ഭാഷയിലും പ്രാവീണ്യം നേടണമെന്ന ആഗ്രഹമാണ് ചെറുപ്പംതൊട്ടേ അറബി ഭാഷ പഠിക്കാന്‍ കാരണം. അറബിക് പഠനം എല്‍.പി തലത്തില്‍ അവസാനിപ്പിക്കാതെ ജീവിതത്തില്‍ പകര്‍ത്തണമെന്ന മോഹമാണ് മീനാക്ഷിക്കുള്ളത്.
മകളുടെ ആഗ്രഹങ്ങള്‍ക്കു പൂര്‍ണ പിന്തുണയുമായി രക്ഷിതാക്കളും കൂടെയുണ്ട്. ശബരിമല സന്ദര്‍ശനത്തിനു മുന്നോടിയായി നോമ്പെടുക്കുകയാണിപ്പോള്‍ ഈ കൊച്ചുമിടുക്കി.
വാലില്ലാപുഴ വത്തിക്കുത്ത് വീട്ടില്‍ ലിജിലിന്റെയും വാലില്ലാപുഴ സ്‌കൂള്‍ അധ്യാപിക ദിവ്യയുടെയും മകളാണ് മീനാക്ഷി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."