കൊടുംചൂടില്‍ ആശ്വാസമായി പാതയോരങ്ങളിലെ ഇളനീര്‍ വില്‍പന
ചങ്ങരംകുളം: തെങ്ങുകളാല്‍ സമൃദ്ധമായതു കൊണ്ടാണ് മലയാള നാടിന് കേരളം എന്ന പേര് ലഭിച്ചത്. എന്നാല്‍ വീട് വെക്കാനും കെട്ടിടങ്ങള്‍ പണിയാനുമൊക്ക വികസനത്തിന്റെ പേരു പറഞ്ഞ് മലയാളി തെങ്ങുകളെ നിഷ്‌കരുണം വെട്ടിയരിഞ്ഞു. ഇന്ന് കാലവും കാലാവസ്ഥയും മാറി, ഓരോ വര്‍ഷവും സൂര്യന്റെ ചൂട് കൂടി വരുകയാണ്. മറ്റെല്ലാ മാറ്റങ്ങള്‍ക്കുമൊപ്പം നമ്മുടെ വീട്ടുപറമ്പുകളില്‍ നിന്നും ലഭ്യമായിരുന്ന ഇളനീരും ഇന്ന് പണം നല്‍കി വാങ്ങേണ്ട അവസ്ഥയിലാണ്.വേനലെത്തും മുമ്പെ സൂര്യന്‍ കത്തിയെരിഞ്ഞതോടെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇളനിര്‍ വില്‍പ്പന തകൃതിയായി തുടരുകയാണ്. പാതയോരങ്ങളിലെ തണല്‍മരങ്ങള്‍ ലക്ഷ്യമിട്ടാണ് വില്‍പ്പനക്കാരുടെ ഇളനീര്‍ കച്ചവടം. കഴിഞ്ഞ തവണത്തെക്കാള്‍ വളരെ നേരത്തെയാണ് ഇത്തവണ ഇളനീര്‍ വില്‍പ്പനക്കാര്‍ എത്തിയിരിക്കുന്നത്.
ചൂട് ഇത്തവണ നേരത്തെ എത്തിയതിനാല്‍ ഇളനീര്‍ കുടിക്കാന്‍ ധാരാണം യാത്രക്കാരെത്തുന്നുവെന്നാണ് കച്ചവടക്കാരുടെ ആഭിപ്രായം. സാധാരണ ഇളനീരിന് നിലവില്‍ 30 രൂപയാണ് വില. ചെന്തെങ്ങിന്റെ ഇളനീരാണെങ്കില്‍ അഞ്ചു രൂപ കൂടും. ശീതളപാനീയങ്ങളെ അപേക്ഷിച്ച് ആരോഗ്യത്തിന് ഗുണകരമായതിനാല്‍ മിക്കവരും ചൂടില്‍ നിന്നും രക്ഷ നേടാന്‍ ഇളനീരാണ് കുടിക്കുന്നത്. മലയാളികളും അന്യസംസ്ഥാനക്കാരും ഇളനീര്‍ വില്‍പ്പന രംഗത്തുണ്ട്. പാലക്കാട് മേഖലയില്‍ നിന്നാണ് ജില്ലയിലെ മിക്ക സ്ഥലങ്ങളിലേക്കും കച്ചവടത്തിനായി ഇളനീരെത്തുന്നത്. അതിരാവിലെ ലോറികളില്‍ മൊത്തമായെത്തുന്ന ഇളനീര്‍ പലയിടങ്ങളിലായും കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതാണ് രീതി. ചൂടു കൂടുമെന്നുറപ്പുള്ളതിനാല്‍ വരും ദിവസങ്ങളില്‍ കച്ചവടം കാര്യമായുണ്ടാകുമെന്നാണ് വില്‍പ്പനക്കാരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."