തിരൂര്‍ സബ് കോടതിയിലെ അസി.ഗവ: പ്ലീഡര്‍ നിയമനം: സി.പി.എമ്മില്‍ അതൃപ്തി പുകയുന്നു
തിരൂര്‍: പാര്‍ട്ടിക്കാരായ അഭിഭാഷകരെ തഴഞ്ഞ് തിരൂര്‍ സബ് കോടതിയില്‍ അസി. ഗവ. പ്ലീഡര്‍ നിയമനം നടത്തിയതിനെച്ചൊല്ലി സി.പി.എമ്മില്‍ പുതിയ വിവാദം. താനൂര്‍ എം.എല്‍.എയുടെ നോമിനിയായ അഡ്വ. റഹൂഫിനെ നിയമിച്ചതാണ് പുതിയ പ്രശ്‌നം.
സംഭവത്തില്‍ സി.പി.എം അഭിഭാഷകര്‍ക്കിടയിലും പാര്‍ട്ടിയിലും അതൃപ്തിയും പ്രതിഷേധവും ഉണ്ടായിട്ടുണ്ട്. നിയമനത്തിനെതിരേ സി.പി.എം ജില്ലാ സെക്രട്ടറിക്ക് ഒരു വിഭാഗം അഭിഭാഷകര്‍ പരാതി നല്‍കി.വി. അബ്ദുറഹിമാന്‍ എം.എല്‍.എ, താനൂര്‍ ഏരിയാ സെക്രട്ടറി ജയന്‍, ജില്ലയുടെ ചുമതലയുള്ള നേതാവ് എ. വിജയരാഘവന്‍ എന്നിവരുടെ താല്‍പര്യപ്രകാരമുള്ള നിയമനമാണെന്ന ആരോപണമാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയര്‍ന്നിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വേണ്ടി താനൂരില്‍ സജീവമായി പ്രവര്‍ത്തിച്ചതിന്റെ പാരിതോഷികമാണ് റഹൂഫിന്റെ നിയമനമെന്നാണ് അതൃപ്തരായ അഭിഭാഷകര്‍ പറയുന്നത്. കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയും നേതൃസ്ഥാനത്തുള്ളവരെയും ഒഴിവാക്കി മുസ്‌ലിംലീഗില്‍ നിന്ന് രാജിവെച്ച ഒരാള്‍ക്ക് സീറ്റ് നല്‍കിയതാണ് സി.പി.എമ്മുകാരായ അഭിഭാഷകരുടെ അതൃപ്തിക്ക് കാരണം.
കോടതിയില്‍ കേസ് വാദിച്ച് പരിചയമോ പ്രാവീണ്യമോ ഇല്ലാത്തയാളാണ് അഡ്വ. റഹൂഫെന്നും ഈ അഭിഭാഷകര്‍ പറയുന്നു. അസിസ്റ്റന്റ് ഗവ. പ്ലീഡര്‍ നിയമനത്തിലേക്ക് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുള്ള ഏരിയാ കമ്മിറ്റി അംഗം അഡ്വ. സൈനുദ്ദീനെ നിയമിക്കുമെന്നായിരുന്നു പാര്‍ട്ടിയില്‍ തന്നെയുള്ളവരുടെ കണക്കുകൂട്ടല്‍.
ഇദ്ദേഹത്തെ നിയമനത്തിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്കാരായ പല അഭിഭാഷകരും നേതൃത്വത്തിന് കത്തു നല്‍കുകയും ചെയ്തിരുന്നു. റഹൂഫിനെ നിയമിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ സ്വജനപക്ഷപാതവും അഴിമതിയുമാണെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."