ഫൈസല്‍വധം: ഒടുവില്‍ അറസ്റ്റ്; പ്രതികളെ കാണാന്‍ ജനം ഇരച്ചെത്തി
തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ ഇസ്ലാംമതം സ്വീകരിച്ച ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയിലായതോടെ അവരെ കാണാന്‍ ജനങ്ങള്‍ ഇരച്ചെത്തി. പൊലിസ് സ്റ്റേഷനിലും സമീപത്തും വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ ഇവരെ നിയന്ത്രിക്കാന്‍ പൊലിസും പാടുപെട്ടു.
സംഭവദിവസം തന്നെ പിടിയിലായ പ്രതികള്‍ ഉള്‍പ്പെടെ എട്ടു പ്രതികളുടെയും അറസ്റ്റ് ഇന്നലെ വൈകിട്ട് ആറിനാണ് രേഖപ്പെടുത്തിയത്. വാര്‍ത്താ ചാനലുകളുടേതടക്കം വാഹനങ്ങള്‍ പൊലിസ് സ്റ്റേഷന് പരിസരത്ത് നിറഞ്ഞതോടെ ആളുകള്‍ ഒഴുകിയെത്തി. പ്രതികളെ ലോക്കപ്പിലേക്കു മാറ്റുന്നതു കാണാന്‍ നിരവധിപേര്‍ സ്റ്റേഷനകത്തേക്ക് ഇരച്ചുകയറി. പിന്നീട് പൊലിസ് ഇവരെയെല്ലാം പുറത്താക്കുകയായിരുന്നു.
ഫൈസലിന്റെ സഹോദരി ഭര്‍ത്താവും അമ്മാവന്റെ മകനുമായ പുല്ലാണി വിനോദ് (39), പുല്ലാണി ഷാജി (39), പുല്ലാണി സജീഷ് (32), പുല്ലാണി ഹരിദാസന് ((30), തയ്യില്‍ ലിജീഷ് എന്ന ലിജു (27), കൊട്ടയില്‍ ജയപ്രകാശ് (50), ചാനത്ത് സുനില്‍ (39), നന്നമ്പ്രയിലെ കളത്തില്‍ പ്രദീപ് (30) എന്നിവരെയാണ് മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്.
ലിജു കൂടെനിന്ന് ചതിച്ചെന്ന് കൊടിഞ്ഞിക്കാര്‍
തിരൂരങ്ങാടി: ഫൈസല്‍ വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പാലത്തിങ്ങല്‍ പള്ളിപ്പടി തയ്യില്‍ ലിജേഷ് എന്ന ലിജുവിനെ കണ്ട ജനം ഒരുനിമിഷം അമ്പരന്നു. ഇത്രയും കാലം ജനങ്ങളുടെ മതിപ്പ് നേടിയെടുത്തതു തങ്ങളിലൊരാളുടെ കഴുത്തറക്കാനായിരുന്നെന്നു തിരിച്ചറിഞ്ഞ ഞെട്ടലിലാണവര്‍. രണ്ടു വര്‍ഷത്തോളമായി കൊടിഞ്ഞി ചെറുപ്പാറയില്‍ കൊടിഞ്ഞി ഡ്രൈവിങ് സ്കൂള്‍ നടത്തിവരികയാണ് ലിജു. നാട്ടുകാരുമായി, പ്രത്യേകിച്ചും മുസ്ലിം സമുദായക്കാരുമായി ഏറെ സൗഹൃദബന്ധം പുലര്‍ത്തിയിരുന്നു. കൊടിഞ്ഞിയിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും ലിജുവിന്റെ സജീവ സാന്നിധ്യമുണ്ടാകാറുണ്ട്. ഇതെല്ലാം വെറും കാപട്യമായിരുന്നെന്നാണ് ലിജുവിന്റെ അറസ്റ്റ് വിവരം അറിഞ്ഞ ചെറുപ്പാറ സ്വദേശി പ്രതികരിച്ചത്.
ഫൈസല്‍ കൊല്ലപ്പെട്ട ദിവസം അദ്ദേഹം വീട്ടില്‍നിന്ന് ഇറങ്ങിയതുമുതലുള്ള വിവരങ്ങള്‍ കൊലയാളികള്‍ക്ക് അപ്പപ്പോള്‍ കൈമാറിയിരുന്നതു ലിജുവായിരുന്നു. വിനോദിന്റെ ഭാര്യയും ഫൈസലിന്റെ സഹോദരിയുമായ യുവതി ലിജുവിന്റെ ഡ്രൈവിങ് സ്കൂളിലാണ് ജോലി ചെയ്തിരുന്നത്.
പൊലിസ് തല്ക്കാലം മാനംകാത്തു
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ എട്ടു പ്രതികളെ അറസ്റ്റ് ചെയ്ത പൊലിസ് തല്ക്കാലം അഭിമാനം കാത്തു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ജനം ഏറെ രോഷാകുലരായിരുന്നു. കൃത്യം നടത്തിയ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളില്‍ കൊടിഞ്ഞിയിലെ ജനങ്ങള്‍ പ്രക്ഷോഭം നടത്താനിരിക്കെയാണ് നില്‍ക്കക്കള്ളിയില്ലാതെ എട്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പതിനഞ്ചോളം പേരെ ചോദ്യം ചെയ്തതില്‍ എട്ടുപേര്‍ ഗൂഢാലോചന നടത്തിയതിനും ഫൈസല്‍ വീട്ടില്‍നിന്ന് ഇറങ്ങുന്ന വിവരം നല്‍കിയതിനും ഇതുസംബന്ധിച്ച യോഗം ചേര്‍ന്നതിനുമാണ് അറസ്റ്റിലായത്.
അനധികൃത മദ്യ വില്പനയ്ക്ക് അറസ്റ്റിലാകുന്ന പ്രതികളുടെ ഫോട്ടോ നല്‍കാറുള്ള പൊലിസ് ഫൈസല്‍ വധക്കേസിലെ പ്രതികളുടെ പൂര്‍ണ വിലാസം നല്കുന്ന കാര്യത്തിലും മാധ്യമപ്രവര്‍ത്തകരോടടക്കം നിസഹകരിക്കുകയാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."