വിദ്യാര്‍ഥികള്‍ക്ക് വ്യവസായ വകുപ്പിന്റെ സമ്മാനമായി രണ്ടു ജോഡി കൈത്തറി യൂനിഫോം; സര്‍ക്കാര്‍ 82 കോടി അനുവദിച്ചു
തിരുവനന്തപുരം: വിദ്യാര്‍ഥികളെ കൈത്തറി അണിയിക്കാന്‍ സര്‍ക്കാര്‍ 82 കോടി അനുവദിച്ചു. സ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു രണ്ടു ജോഡി വീതം കൈത്തറി സ്‌കൂള്‍ യൂനിഫോം സൗജന്യമായി നല്‍കുമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കൈത്തറി മേഖലയിലെ പുനരുദ്ധാരണം ലക്ഷ്യമിട്ട് ബജറ്റിലെ പ്രഖ്യാപനമാണ് നടപ്പാക്കുന്നത്. അടുത്ത അധ്യയന വര്‍ഷം ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കൈത്തറി യൂനിഫോം നല്‍കുക. തൊട്ടടുത്ത വര്‍ഷം മുതല്‍ എട്ടു വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും യൂനിഫോം നല്‍കും. കേരളത്തിലെ പരമ്പരാഗത കൈത്തറി മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും വര്‍ഷം 300 ദിവസം ജോലി നല്‍കാന്‍ കഴിയുന്ന രീതിയില്‍ കൈത്തറി സ്‌കൂള്‍ യൂനിഫോം പദ്ധതി ഡിസംബര്‍ ആദ്യവാരം കേരളത്തില്‍ ഉല്‍പാദനം ആരംഭിക്കും. ഇതിനായി കൈത്തറി മേഖലയിലെ 5,000 ലേറെ നെയ്ത്ത് തൊഴിലാളികളേയും തറികളേയും സജ്ജമാക്കും. 1.30 കോടി മീറ്റര്‍ തുണി ഇതിനായി കൈത്തറി മേഖലയില്‍ ഉത്പാദിപ്പിക്കും. ഇതിനായ ആദ്യഘട്ടമെന്ന നിലയില്‍ 82 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഗ്രാമീണ കേരളത്തിന്റെ ഉള്‍തുടിപ്പായ പരമ്പരാഗത കൈത്തറി മേഖല പാടെ സംരക്ഷിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയില്‍ ഓരോ തൊഴിലാളികളുടേയും കൂലി ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം ചെയ്യും. നോഡല്‍ ഓഫിസായ ജില്ലാ വ്യവസായ കേന്ദ്രമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് സംസ്ഥാന തലത്തില്‍ അഡീ. ചീഫ് സെക്രട്ടറി ചെയര്‍മാനും, കൈത്തറി ഡയറക്ടര്‍ കണ്‍വീനറുമായ സംസ്ഥാന തല മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."