തിരൂരങ്ങാടിയില്‍ ലീഗണികളും പണിപറ്റിച്ചു......?
തിരൂരങ്ങാടി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ വോട്ടുകള്‍ ഇടതിന് അട്ടിമറിച്ചതായി ആരോപണം. മണ്ഡലത്തിലെ യു.ഡി.എഫ് മുന്നണിയില്‍ നിന്നും മറുകണ്ടം ചാടിയ കോണ്‍ഗ്രസിലെ ചിലര്‍ക്ക് പുറമേ; വിഭാഗീയത നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ചില ലീഗണികളും പാലം വലിച്ചെന്നാണ് വിലയിരുത്തല്‍ അബ്ദുറബ്ബിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ചില ലീഗണികളില്‍ നേരത്തേ അസംതൃപ്തിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഫലം വന്ന് ലീഡ് കണ്ടപ്പോള്‍ നേതാക്കളടക്കം ഞെട്ടി.
മുസ്‌ലിംലീഗിന്റെ കോട്ടയായ തിരൂരങ്ങാടി നഗരസഭയില്‍ മാത്രം മുപ്പത്തിമൂന്നു ബൂത്തുകളില്‍നിന്നായി അബ്ദുറബ്ബിന് ലഭിച്ചത് 13,298 വോട്ടുകള്‍ മാത്രം. ഇവിടെ നിയാസിന് 12,724 വോട്ടുകള്‍ ലഭിച്ചു. നിര്‍ണായക ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന ഇവിടെനിന്നും അബ്ദുറബ്ബ് നേടിയ ലീഡ് 574 മാത്രമായി ചുരുങ്ങി. മുസ്‌ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്ര ബൂത്തുകളായ 58ല്‍ 158, 59ല്‍ 193, 60ല്‍ 81, 61ല്‍ 92, 62ല്‍ 60ഉം വോട്ടുകള്‍ നേടി നിയാസ് പുളിക്കലകത്ത് ലീഡുണ്ടാക്കിയത് യു.ഡി.എഫ് വോട്ട് ചോര്‍ന്നതിനെ സാധൂകരിക്കുന്നു. അതേസമയം യു.ഡി.എഫിനെതിരേ ലീഗ് വിരുദ്ധ ഇതരകക്ഷികളുടെ വോട്ടുകള്‍ ഇടതു സ്ഥാനാര്‍ഥിക്ക് മറിഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ തവണ മണ്ഡലത്തില്‍നിന്നും നാലായിരത്തില്‍ പരം വോട്ടുകള്‍ നേടിയ പി.ഡി.പി വോട്ട് ഇത്തവണ 1902 ആയി ചുരുങ്ങിയതും സംശയത്തിന് ആക്കംകൂട്ടി. വെല്‍ഫെയര്‍ പാര്‍ട്ടിയും വോട്ടുകച്ചവടം നടത്തിയതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു. മണ്ഡലത്തില്‍, കഴിഞ്ഞതവണ മുവ്വായിരത്തിലേറെ വോട്ടുകള്‍ നേടിയ സ്ഥാനത്ത് ഇത്തവണ 1270 വോട്ടുകളാണ് വെല്‍ഫെയര്‍പാര്‍ട്ടിക്ക് മണ്ഡലത്തില്‍ ആകെ ലഭിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള നന്നമ്പ്ര പഞ്ചായത്തില്‍ നിന്നും ലഭിച്ചതാവട്ടെ 433 വോട്ടുകള്‍ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."