ആവശ്യത്തിന് ഉപകരിക്കുമോ എസ്‌കലേറ്റര്‍...?
കണ്ണൂര്‍: ഒന്നാംപ്ലാറ്റ്‌ഫോമില്‍ നിന്നു മറ്റ് രണ്ട് പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുമെന്ന് അവകാശപ്പെട്ട് സ്ഥാപിക്കുന്ന എസ്‌കലേറ്റര്‍ പൊതുജനങ്ങള്‍ക്ക് ആവശ്യത്തിന് ഉപകരിക്കുമോയെന്ന് ആശങ്ക ഉയരുന്നു.
എസ്‌കലേറ്റര്‍ സ്ഥാപിക്കുന്നതിന്റെ അവസാന മിനുക്കുപണികള്‍ ഏതാനും ദിവസത്തിനകം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പൂര്‍ത്തിയാകും. ഉദ്ഘാടന തീയതി പിന്നീട് നിശ്ചയിക്കുമെന്ന് റെയില്‍ അധികൃതര്‍ അറിയിച്ചതെങ്കിലും പുതിയ സംവിധാനം യാത്രക്കാര്‍ക്ക് എത്രമാത്രം ഗുണം ചെയ്യുമെന്ന് കണ്ടറിയേണ്ടിവരും. ഒന്നാം പ്ലാറ്റ് ഫോമിന്റെ ഏറ്റവും അവസാന ഭാഗത്തും തെക്കുഭാഗത്തേക്കുള്ള വണ്ടികളുടെ ബോഗി തീരുന്നിടത്തുമാണ് നിലവില്‍ എസ്‌കലേറ്റര്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതുകാരണം ടിക്കറ്റ് കൗണ്ടറില്‍ നിന്നും പ്രധാന കവാടത്തില്‍ നിന്നും മീറ്ററുകള്‍ നടന്നു വേണം എസ്‌കലേറ്ററില്‍ എത്താന്‍. കണ്ണൂര്‍ സ്റ്റേഷനില്‍ വര്‍ഷങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന പ്രശ്‌നമാണ് രണ്ടാം പ്ലാറ്റ് ഫോമിലെ തിരക്ക്. വണ്ടികള്‍ സ്റ്റേഷനില്‍ എത്തിയാല്‍ പടികള്‍ കയറി ഒന്നാം പ്ലാറ്റ് ഫോമിലെത്താന്‍ വീണ്ടും മണിക്കൂറുകള്‍ കഴിയണം.
നിലവില്‍ ഏറ്റവും തിരക്കുള്ള സ്ഥലത്തിനു നേരെ വിപരീതമായാണ് എസ്‌കലേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ഒന്നാം പ്ലാറ്റ് ഫോമില്‍ ഇറങ്ങാനും കയറാനും മാത്രമായി സ്ഥാപിച്ച എസ്‌കലേറ്ററിന്റെ ഭാഗത്തേക്ക് യാത്രക്കാര്‍ കൂടുതലായി എത്താറുമില്ല. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനെ യാത്രാ സൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായി നിരവധി നിര്‍മാണ പ്രവൃത്തികള്‍ സ്റ്റേഷനില്‍ നടന്നു വരികയാണ്.
വര്‍ഷങ്ങള്‍ പഴക്കമുള്ള സ്റ്റേഷനിലെ ഓഫിസ് സംവിധാനം ഉള്‍പ്പെടെ ഇതിന്റെ ഭാഗമായി പുതുക്കി പണിയുകയാണ്. പാലക്കാട് ഡിവിഷനു കീഴിലുള്ള കേരളത്തിലെ തന്നെ ആദ്യ സബ് വേയുടെ പ്രവൃത്തിയും രണ്ടാം പ്ലാറ്റ് ഫോമിലും രണ്ടാം ടിക്കറ്റ് കൗണ്ടറിനു സമീപത്തു നിന്നുമുള്ള ലിഫ്റ്റിന്റെ പ്രവൃത്തിയും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.
മാര്‍ച്ച് മാസത്തോടെ സബ് വേയുടെ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് തീരുമാനം. 23 മീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയുമുള്ള സബ്‌വേ ഒന്നാം പ്ലാറ്റ്‌ഫോമിന്റെ വടക്ക് ഭാഗത്താണ് നിര്‍മിക്കുന്നത്. 1.72 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്.
ലിഫ്റ്റിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികളെല്ലാം ഏറക്കുറെ പൂര്‍ത്തിയായി. ഇനിയുള്ള ഇലക്ട്രിക് വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും. നിലവില്‍ ട്രെയിന്‍ എത്തിയാല്‍ രണ്ട് മേല്‍പ്പാലങ്ങളിലും ആളുകളുടെ തിരക്ക് രൂക്ഷമാകുന്നതും ഇതുമൂലം ട്രെയിന്‍ കിട്ടാത്ത അവസ്ഥയും പതിവാണ്. എസ്‌കലേറ്ററിനൊപ്പം സബ്‌വേയും ലിഫ്റ്റും പൂര്‍ത്തിയാകുന്നതോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്കിനു ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."