പട്ടിണിസമരം പതിനേഴ് ദിനം പിന്നിട്ടു; ആദിവാസി കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാര്‍ച്ച്
പെരിയ: കേന്ദ്രസര്‍വകലാശാലക്ക് മുന്നില്‍ പട്ടിണിസമരം നടത്തിവരുന്ന കോളനി നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ മാസം 30 കേന്ദ്ര സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടക്കും.
കേരളം ആദിവാസി കോണ്‍ഗ്രസ് ജില്ലാകമ്മറ്റി നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്.
കേന്ദ്രസര്വകലാശാലക്കു വേണ്ടി സ്ഥലം വിട്ടുകൊടുത്ത പെരിയയിലെ മാളോത്തുംപാറ കോളനി നിവാസികളാണ് കഴിഞ്ഞ പതിനേഴ് ദിവസമായി സര്‍വകലാശാലക്ക് മുന്നില്‍ നിരാഹാര സമരം നടത്തി വരുന്നത്. ഭൂമി വിട്ടുകൊടുക്കുമ്പോള്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് സര്‍വകലാശാലയില്‍ യോഗ്യതക്ക് അനുസരിച്ച് ജോലി നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതായി ഇവര്‍ പറയുന്നു.
ഈ വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്നാണ് കോളനിയിലെ യുവാക്കള്‍ നിരാഹാര സമരം കിടക്കുന്നത്.
കഴിഞ്ഞ മാസം രണ്ടു തവണ സര്‍വ്വകലാശാല ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ കയറി കോളനി നിവാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഇടപ്പെട്ട് ഇവരെ അന്ന് അനുനയിപ്പിക്കുകയായിരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് 30ന് മാര്‍ച്ച് നടത്താന്‍ ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."