സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സി.പി.എം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിന്റെ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയേണ്ട ആവശ്യമില്ലെന്നും ജാമ്യമനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുള്ളത്. വ്യവസായിയായ ഷീല തോമസുമായുള്ള സിവില്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സക്കീര്‍ ഹുസൈനും സംഘവും തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യുവ വ്യവസായി ജൂബ് പൗലോസ് നല്കിയ പരാതിയിലാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍ പോയ ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ കീഴടങ്ങാനാണ് നിര്‍ദേശിച്ചത്. തുടര്‍ന്ന് നവംബര്‍ 17 നാണ് സക്കീര്‍ ഹുസൈന് കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."